ഇവിടം

..

അഞ്ജു കെ.പി./കഥ

കേരളാ മീഡിയാ അക്കാദമിയില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍റ്റൈസിംഗ് വിദ്യാര്‍ത്ഥിനിയാണ് ലേഖിക

ആട്ടിയിറക്കിയതല്ലെങ്കിലും കയറിചെല്ലാന്‍ മനസും ശരീരവും ഒരുപോലെ മടികാണിച്ചു എന്നത് വാസ്തവമാണ്. വിട്ടുപോന്നതെന്നാണെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൈവിരലുകള്‍ ആരും കാണാതെ എണ്ണമെടുക്കാനൊരുങ്ങി നിവര്‍ന്നുനില്‍ക്കുകയും എണ്ണിത്തിട്ടപ്പെടുത്തല്‍ അത്ര എളുപ്പമാകില്ലെന്ന് ബോധ്യമായതിന്റെ തൊട്ടടുത്ത നിമിഷം മുഷ്ടിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയും ചെയ്തു.

കയറിചെന്നത് അമ്മയ്‌ക്കൊപ്പമാണ്. അമ്മ വീട്ടിലേയ്ക്കാണ്. പറയത്തക്ക മാറ്റങ്ങളൊന്നും പലയിടത്തുമില്ല. വഴിയില്‍ നിന്നും ഗേറ്റിനടുത്തെത്തി, വീടും തൊടിയും മാവും പ്‌ളാവും കരിമ്പനയും അലറി(അരളി) മരത്തോടുചേര്‍ന്നുള്ള ദൈവത്തറയും കണ്ടപ്പോള്‍, കുട്ടിയുടുപ്പിട്ട് ഓടിനടന്ന ഇടങ്ങള്‍ സ്ഥലകാല ബോധത്തെ കടുത്ത പകയോടെ കരിച്ചുകളഞ്ഞുകൊണ്ട് ആകാശവാണി വയലും വീടും പരിപാടിയില്‍ കേള്‍ക്കുന്ന ഈണത്തിന്റെ അകമ്പടിയോടെ ശരീരത്തിലെ ഞരമ്പുകളുടെ നീണ്ട കണ്ണികളെ ഓരോന്നായി പൊട്ടിച്ചെറിഞ്ഞുകൊണ്ട് ഉള്ളില്‍ പ്രവേശിച്ചു.

ഗേറ്റിനെ രണ്ടായിപിളര്‍ന്നുകൊണ്ട് അകത്തുകയറുമ്പോള്‍ മുന്‍പത്തേക്കാള്‍ ദയനീയമായി അത് നിലവിളിക്കുന്നുണ്ടായിരുന്നു. ആ നിലവിളി എത്ര ഉയര്‍ന്നു കേട്ടാലും വിരുന്നുകാരെ വീട്ടുകാരിലേക്കെത്തിക്കുന്ന
അറിയിപ്പു മാത്രമായല്ലാതെ ഏറെ തുരുമ്പിച്ച കാവല്‍ക്കാരന്റെ ദയനീയത വര്‍ഷങ്ങള്‍ക്കിപ്പുറവും ആരും മനസിലാക്കിയിട്ടില്ല.

ആ വീട് ഇന്നുമങ്ങനെത്തന്നെയാണ്. അന്നത്തെപ്പോലെത്തന്നെ. ചരല്‍കല്ലുകളെ ചവിട്ടിയരച്ച് മുറ്റത്തെത്തി നോക്കിയപ്പോള്‍
ഉമ്മറത്തു തൂങ്ങികണ്ട ഭസ്മകൊട്ടയ്ക്ക് നൂറ്റാണ്ടുകളുടെ മങ്ങലേറ്റതായിതോന്നി. ചന്ദനത്തിരിയും കര്‍പ്പൂരവും മണക്കുന്ന എത്രയോ സന്ധ്യകളെ ഭക്തിനിര്‍ഭരമായി ഓര്‍മപ്പെടുത്താന്‍ അവശേഷിക്കുന്നതിന്റെ പഴമയളക്കാന്‍ അതില്‍നിന്നും നര പിടിച്ച ചുമരിലേയ്ക്ക് ബന്ധിപ്പിക്കുന്ന തിളങ്ങുന്ന എട്ടുകാലി കൊട്ടാരത്തിന്റെ വെള്ളിനൂലുകള്‍ത്തന്നെ ധാരാളമായിരുന്നു. ഇടത്തേ മുറിയുടെ കോണുകളിലെവിടെയോ ഒളിച്ചിരിക്കുന്ന ചുവപ്പുനാടകള്‍ക്കോ ഷെല്‍ഫില്‍ നടുനിവര്‍ക്കാന്‍
ഇടമില്ലാതെ ഞെങ്ങിഞെരുങ്ങിയിരിക്കുന്ന പാര്‍ട്ടി പുസ്തകങ്ങള്‍ക്കോ ഇനിയൊരു പോരാട്ടസമരത്തിന് വീര്യം ബാക്കിയുണ്ടോ എന്നുറപ്പില്ലാത്തവണ്ണം അവ അദൃശ്യമായ ചങ്ങലകണ്ണികളെ പൊട്ടിച്ചെറിയാന്‍ പാകത്തില്‍ മുഷ്ടി ചുരുട്ടിയ
കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി, പറഞ്ഞു ശീലിച്ച ചുവന്ന മുദ്രാവാക്യം രക്തം തിളക്കുമാറ്
ഉച്ചത്തില്‍ മുറവിളി കൂട്ടികൊണ്ടേയിരുന്നു.

നിലവിളിയ്‌ക്കൊടുവില്‍, ഗേറ്റു കടന്നെത്തിയതാരെന്നറിയാന്‍ വീട്ടുകാരുടെ അഭാവത്തില്‍ പിന്നാമ്പുറത്തുനിന്ന് അരിച്ചുനടന്ന് മുറ്റത്തുവന്നുനിന്ന രൂപം പക്ഷെ, കാഴ്ചയില്‍ എന്തുകൊണ്ടോ ഞെട്ടലുണ്ടാക്കിയില്ല. മുണ്ടിനും ജാക്കറ്റിനുമായിവീതിച്ചു കൊടുത്തതില്‍ ബാക്കിവന്ന ശരീരഭാഗങ്ങള്‍ കറുത്ത് ചുക്കിചുളിഞ്ഞിട്ടുണ്ട്. പല്ലുകളെല്ലാം പണ്ടേ വായ ഉപേക്ഷിച്ചതാണെങ്കിലും, കണ്ണിനുചുറ്റും കറുപ്പായും മുടിയുടെ നിറം വെളുപ്പായും രൂപമാറ്റം സംഭവിച്ചത് ശ്രദ്ധയോടെ നിരീക്ഷിക്കുന്ന എന്നെനോക്കി, പണ്ട് തടിച്ചുകൊഴുത്ത് മുട്ടറ്റംവരെ മുടിയുള്ളൊരു രൂപം മനസില്‍ വരത്തക്ക രീതിയില്‍, തിന്നുതീര്‍ത്തും വീക്കംത്തട്ടാത്ത ശരീരത്തെക്കുറിച്ചും അലസമായി പറത്തിവിട്ടും പറയാതൂര്‍ന്നുപോകുന്ന മുടിയിഴകളെക്കുറിച്ചും പറഞ്ഞ് വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. അടുത്തുവരുമ്പോള്‍ മൂക്കിലേയ്ക്ക് ഇരച്ചുകയറി
തലച്ചോറിനെ ത്രസിപ്പിക്കുന്ന കഷായത്തിന്റെയും തൈലത്തിന്റെയും ചൂരിന് പഴക്കമേറിയിട്ടുണ്ട്. കുഴിയിലേക്കിറങ്ങിയിരുന്ന് വിശ്രമിക്കുന്ന കണ്ണുകളില്‍നിന്നും അവസരം കിട്ടുമ്പോഴെല്ലാം ചാടിരക്ഷപ്പെടുന്ന കണ്ണു നീരിന്റെ ചൂരും ചൂടും അന്നുമിന്നുമൊന്നുതന്നെയാണ്.

ശബ്ദത്തിന് പണ്ടത്തതേതുപോലുള്ള കനമില്ല. വിശേഷം പറയുന്നതിനിടയില്‍ കുറച്ച് കണ്ണുനീരിനാല്‍ തടസപ്പെട്ടും, കുറച്ച് ഉമിനീരിനൊപ്പം മനഃപൂര്‍വ്വം ഓടിരക്ഷപ്പെട്ടും, കുറച്ച് മറവിയാല്‍ ബന്ധിയായതിനും ശേഷം മിച്ചമുള്ള വാക്കുകള്‍ ഞാനും അമ്മയും പെറുക്കിയെടുത്ത് കൂട്ടിയിണക്കി ഊഹിച്ചുകൊണ്ടേയിരുന്നു. ഇന്നു തിരിച്ചുപോകണമെന്ന അമ്മയുടെ
ഉത്തരത്തിന് മുണ്ടിന്റെ കോന്തലകൊണ്ട് വാപൊത്തി, ഏറെക്കാലമായി അടക്കിവച്ച ഒരു തേങ്ങല്‍ മാത്രമായിരുന്നു
മറുപടി. അമ്മയും മകളും തിണ്ണയിലിരുന്ന് വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍ വളര്‍ന്നുവലുതായ അലറി (അരളി) മരവും, ചുറ്റും വലിയ വട്ടത്തില്‍ കെട്ടിയ ദ്രവിച്ചു തുടങ്ങിയ ദൈവത്തറയും ലക്ഷ്യംവച്ച് ഞാന്‍ നടന്നു.

ഇനിയുള്ള ജീവിതം ഇവിടെയാകണമെന്ന വാശി ഭരിച്ചത്, കാലുകുത്തിയാല്‍ ഓര്‍മ്മകളാല്‍ കുത്തി കൊല്ലുന്ന, ചെരുപ്പിടാതെ നടന്നാല്‍ പഴിപറഞ്ഞ് കാലിനെനോവിക്കുന്ന, മുകളിലേക്ക് മുഖമുയര്‍ത്തി നോക്കിയാല്‍ തുറിച്ച കണ്ണുകളും വിരിച്ച ചിറകുകളുമായി വിരട്ടിയോട്ടിക്കാന്‍ വരിയ്ക്ക് നില്‍ക്കുന്ന കരിമ്പനകളുള്ള ഈ ഇടങ്ങളാണെന്ന് ഊഹിച്ചെടുക്കാന്‍
അധികം സമയമെടുത്തില്ല. മോണകള്‍ക്കിടയില്‍നിന്നും വന്ന ശൗര്യം ചോര്‍ന്ന വാക്കുകള്‍ കൂട്ടിയിണക്കാന്‍ അമ്മ പെടാപാടുപെടുന്നത് മുന്നോട്ടുനടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടു.

ദൈവത്തറയുടെ വലിയവട്ടത്തില്‍ പാതിയും വ്യക്തതയില്ലാത്ത ഓര്‍മ്മചിത്രങ്ങളായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു.
പണ്ട് ഭക്തിയുടെ പ്രതീകമായി തിളങ്ങിയ ചിരാതും ആ ചെറിയ വെളിച്ചവും ഇന്ന് അപ്രത്യക്ഷമാണ്.

മറന്നുപോയിക്കാണും….
അതങ്ങനെയാണ്………ചില ഓര്‍മ്മകള്‍ക്ക് ഓളങ്ങളില്ല…..

കരയിലേയ്ക്ക് ഓടികയറാനും തിരിച്ചിറങ്ങാനുമാകാതെ ചിലതൊക്കെ മറവിയാല്‍ ബന്ധിതരായി ഈ ഇരുപ്പ് ഇങ്ങനെ
ഇരിക്കാറുണ്ട്. വേഗം തിരിച്ചുപോകണമെന്ന് ഒന്നുകൂടി ഓര്‍മപ്പെടുത്തികൊണ്ട്, വിരുന്നുകാര്‍ തനിക്കാരെന്ന, തീര്‍ത്തും അപ്രധാനമായ വസ്തുത, കണ്ണീരില്‍ കുതിര്‍ന്ന ആ വിളറിയ രൂപത്തിന് പിടികിട്ടിയോ എന്നുപോലും നിശ്ചയമില്ലാതെ, ജീവിച്ചുതീര്‍ത്ത കാലം വരെ ചവിട്ടിനിന്ന മണ്ണിലടക്കം അടയാളപ്പെടുത്തലുകളോ… ഓര്‍മകളുടെ ഓളങ്ങളോ ഇല്ലാതെ, മറവിയാല്‍ ബന്ധിതരാകാനുറച്ച ആ രണ്ടു തലമുറയ്ക്കൊപ്പം….

കരിമ്പനകളും കാറ്റും ദൈവത്തറയും പഴിപറഞ്ഞോ തിത്തന്ന കഥകള്‍ നാളെ തനിയ്‌ക്കൊപ്പം മണ്ണിലടിയാന്‍ പോകുന്നെന്ന സത്യം മനസിലാക്കി, ഞാനടക്കമുള്ള ആ മൂന്നു തലമുറ…. കണ്ടുമുട്ടലിന്റെ അവസാനമെന്നോണം കുറച്ചുനേരം കൂടെ ആ നില്‍പ്പ് അങ്ങനെ നിന്നുതീര്‍ത്തു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights ividam – story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top