ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍; മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Govt change land registration rules; CM demanded report

സുപ്രിംകോടതി വിധി മറികടക്കാന്‍ കേരള ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം സാധ്യമാണോ എന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മൂന്നാറില്‍ വാണിജ്യ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുമാകും ചട്ടഭേദഗതി. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.

മൂന്നാറില്‍ വാണിജ്യ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സംസ്ഥാനത്താകെ ബാധകമാക്കിയിരുന്നു. പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിംകോടതിയും ശരിവച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. 1964 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ കഴിയുമോയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്.

ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മറ്റു ജില്ലകളിലുള്‍പ്പെടെ കഴിഞ്ഞ അരനൂറ്റാണ്ടായി പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ അനധികൃതമാകും. ഇത് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മൂന്നാറില്‍ പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മാണം അനുവദിക്കാനാവില്ല. മൂന്നാറിലെ പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ചട്ടഭേദഗതിയിലൂടെ കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ആലോചന. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു, തദ്ദേശം, നിയമ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Story Highlights Govt change land rules; CM demanded report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top