മൃതിയടഞ്ഞ കവിയുടെ പ്രൊഫൈൽ
..
സിജു പവിത്ര മുപ്ലിയം/ കഥ
എഴുത്തുകാരനാണ് ലേഖകൻ
കഴിഞ്ഞ ദിവസം മൃതിയടഞ്ഞ കവിയുടെ അനുസ്മരണയോഗത്തിന് പോകുവാനായി യുവ കവി ‘ബെഞ്ചമിൻ ക്ലമെന്റ്’ ഫോണിൽ വിളിച്ചപ്പോഴാണ് യോഗത്തിൽ സംസാരിക്കുവാൻ കാര്യമായി എന്തെങ്കിലും തടയുമോ എന്നറിയുവാനായി കവിയും, സാഹിത്യസമാജം ട്രഷറർ കൂടിയായ ‘ഇരവി മേനോൻ’ മൃതിയടഞ്ഞ കവിയുടെ എഫ്.ബി പ്രൊഫെലിൽ ആദ്യമായി കയറി തിരയുന്നത്.
മൃതിയടഞ്ഞ കവിയുടെ പ്രൊഫൈൽ പിക്. ചുരുണ്ട തലമുടി, കഷണ്ടി കയറിയ വലിയ നെറ്റി, പുറത്തേയ്ക്ക് ഉന്തിയപല്ലുകൾ, തീക്ഷ്ണമായ മുഖഭാവം. ആ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്ന പേര് ‘സെൽവരാജ് കന്യാകുമാരി’. അതിനുതാഴെ ഏതാനും വരികൾ.
‘ഘടികാരം നിലയ്ക്കുമ്പോൾ എനിയ്ക്കും, നിങ്ങൾക്കും ബാക്കിയാവുന്നത് തൊലിപ്പുറത്തെ രോമത്തിന് ചുവട്ടിൽ നിശ്ചലമായി ഉറങ്ങുന്ന ഒരേ നിറത്തിലുള്ള ചോര’. മേനോന്റെ നെറ്റി ചുളിഞ്ഞു. കവർഫോട്ടോയായി മിഷേൽ ഒബാമ താജ്മഹലിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രം.
മേനോൻ വീണ്ടും മുകളിലേയ്ക്ക് വിരലോടിച്ചപ്പോൾ ചത്തുപോയ കവി നേടിയതും ,നഷ്ടപ്പെടുത്തിയതുമായ ജോലികളുടെ നീണ്ട നിര തെളിഞ്ഞുവന്നു. പക്ഷെ വിദ്യാഭ്യാസം സൂചിപ്പിക്കുന്ന കോളത്തിൽ
‘ഞാനൊരു നിരക്ഷരൻ’എന്ന് എഴുതിവച്ചിരിക്കുന്നു.
മേനോൻ ചത്തുപോയ കവിയുടെ കവിതകൾ ലക്ഷ്യമാക്കി താഴെ നിന്ന് മുകളിലേക്ക് സ്‌ക്രീനിൽ നിരന്തരം വിരലോടിച്ചു.
ആദ്യ കവിത
‘നഗരം.’
ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തിയ കൗമാരക്കാരൻ നഗരത്തിരക്കിൽ അലിഞ്ഞുചേർന്ന് ഭയപ്പെടാതെ മറ്റുള്ളവർക്കൊപ്പം മുട്ടിയുരുമി നടക്കുന്ന ഒരുവന്റെ സന്തോഷമായിരുന്നു കവിത നിറയെ.
രണ്ടാമത്തെ കവിത,
‘വിശപ്പ്’
വൃത്തത്തിനുള്ളിൽ ചിട്ടയായി ഒതുങ്ങാത്ത വരികൾ! വരികൾക്ക് പൂർണതയില്ല. മേനോൻ ഒരു ഏമ്പക്കം വിട്ടുകൊണ്ട് അടുത്ത കവിതയിലേയ്ക്ക് കണ്ണോടിച്ചു.
മൂന്നാമത്തെ കവിത
‘തിരിച്ചറിയൽ.’
വലിയൊരു ആൾക്കൂട്ടത്തിന് നടുവിൽ ഒരു പറ്റം ആളുകൾ ചേർന്ന് യുവാവിനെ നഗ്‌നമായി തുണിയുരിക്കുന്നതായിരുന്നു കവിതയുടെ പ്രമേയം.
നാലാമത്തെ കവിത
‘നിറം’
കവിയുടെ ഭാവനയിൽ ഉദയാസ്തമയം വരെ നീളുന്ന കാഴ്ച്ചകൾ ചുവപ്പ് നിറത്തിൽ ചേർത്തുവച്ചിരിക്കുന്നു. മേനോൻ ഊണിനുശേഷം ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ വെളിയിലേക്ക് ആഞ്ഞു തുപ്പി. താഴെ ചുണ്ണാബ് തറയിൽ മുറുക്കാൻ കറ പറ്റിപ്പിടിച്ചു. മോനോൻ ഒന്നമർത്തി മൂളികൊണ്ട് ചത്തുപോയ കവിയുടെ പ്രൊഫൈൽ പരതി. തൂപ്പുകാരിവന്നു തറ തുടച്ചു വൃത്തിയാക്കി തിരികെപോകുമ്പോൾ മേനോൻ തന്റെ പാദങ്ങളുമായി മുട്ടിയുരുമിയിരിക്കുന്ന കോളാബിയെ നോക്കി ഉള്ളിൽ ചിരിച്ചു.
അടുത്ത കവിത
‘അപൂർണമായൊരു ഭാഷായാത്ര.’
തമിഴും, മലയാളവും, തുളുവും, കന്നടയും പിന്നിടുമ്പോൾ പാതകൾ ഇടുങ്ങിയതാവുന്നു. അവിടെ നിന്നും ഉറുദുവിലേയ്ക്കുള്ള തുറന്ന മനസുമായുള്ള യാത്രയ്ക്കിടയിൽ ആരോരും അറിയാതെ തുരങ്കത്തിനുള്ളിലെ ഇരുളിൽവച്ച് ഛിന്നഭിന്നമായിപോകുന്ന ഒരുവന്റെ മനസിനെ കവിതയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
പിന്നീട് മേനോൻ ചത്തുപോയ കവി അവസാനമായി കുറിച്ച ചെറിയൊരു വരിയും, അതിന് താഴെയൊരു ചിത്രവും ശ്രദ്ധിച്ചു.
വീണ്ടും, വീണ്ടും പരാജയപ്പെടുന്നവരുടെ നേതാവ്! വരിയുടെ താഴെയുള്ള ചിത്രം. ‘നെൽസൺ മണ്ടേല’യുടെതായിരുന്നു.
മേനോൻ പുച്ഛത്തോടെ വായിൽ ബാക്കിയായ മുറുക്കാൻ ആഞ്ഞൊന്നു തുപ്പി. പൊടുന്നനെ വീശിയടിച്ച പിശറൻ കാറ്റിൽ മേനോന്റെ മുഖം അങ്ങിങ്ങായി ചുവന്നു. മോനോൻ മേൽമുണ്ട് നിവർത്തി മുഖം തുടച്ചു. മുണ്ടിൽ പറ്റിപ്പിടിച്ച അലക്കിവെളുപ്പിക്കാൻ കഴിയാത്ത മുറുക്കാൻ കറ മേനോനെ നോക്കി പല്ലിളിച്ചു.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers blog, mrithiyadanja kaviyude profile, story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here