കൊവിഡ് സാഹചര്യത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല ചടങ്ങുകൾ മാത്രമായി നടന്നു

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നടന്നു. കൊവിഡ് സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായാണ് പൊങ്കാല അർപ്പിച്ചതെങ്കിലും അനേകം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. രാവിലെ 10 മണിയോടെ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്ങാല അടുപ്പിലേക്ക് അഗ്‌നി പകർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.

ആയിരക്കണക്കിന് ഭക്ത ജനങ്ങളെ കൊണ്ട് നിറയേണ്ടിയിരുന്ന ചക്കളത്തുകാവ് കാർത്തിക പൊങ്കാല ഇക്കുറി ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടർന്ന് ക്ഷേത്രമുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു.

കൊവിഡെന്ന മഹാമാരിയിൽ നിന്നും നാടിന്റെ മോചനത്തിനായുള്ള പ്രാർത്ഥനയോടെയായിരുന്നു ഇത്തവണത്തെ പൊങ്കാല സമർപ്പണം. ഭക്തർക്ക് പൊങ്കാല നേരിട്ട് സമർപ്പിക്കാൻ അനുമതിയില്ലായിരുന്നുവെങ്കിലും ഭണ്ഡാര അടുപ്പിന് പുറമെ നാല് അടുപ്പുകളിലായി ഭക്തരുടെ പേരിൽ പൊങ്കാല സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 12-ഓടെ പൊങ്കാലനേദ്യവും തുടർന്ന് ദേവിയെ അകത്തേയ്ക്ക് എളുന്നള്ളിച്ച് ഉച്ചദീപാരാധനയും, ദിവ്യാഭിഷേകവും നടന്നു. വൈകിട്ട് കാർത്തിക സ്തംഭത്തിൽ അഗ്നിപകർന്ന ശേഷം ദീപാരാധനയോടെയാണ് ഇത്തവണത്തെ പൊങ്കാലമഹോത്സവം പതിവ് ആചാരങ്ങളോടെ പൂർത്തിയാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top