Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-12-2020)

December 3, 2020
Google News 1 minute Read

ബുറേവി ചുഴലിക്കാറ്റിന് കേരളത്തില്‍ തീവ്രത കുറയുമെന്ന് വിലയിരുത്തല്‍

കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക.

കെപിസിസി മുൻ ജനറൽ സെക്രട്ടറി സിആർ ജയപ്രകാശ് അന്തരിച്ചു

കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിആർ ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു.

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം ജില്ലയില്‍ 180 ക്യാമ്പുകള്‍ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.

പാലാരിവട്ടം മേല്‍പാലത്തില്‍ ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കും

പാലാരിവട്ടം മേല്‍പാലത്തില്‍ ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങും. തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സമാന്തരമായി തന്നെ പുതിയ ഗര്‍ഡറിന് മേല്‍ സ്പാനുകള്‍ കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങും.

ലാവ്‌ലിന്‍ കേസ്; ഹെെക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെ ആണ് സിബിഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് കേസുകളില്‍ കുറവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം നാല്‍പതിനായിരത്തില്‍ താഴെയാണ് ആകെ കൊവിഡ് കേസുകള്‍.

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; ജാഗ്രതാ നിര്‍ദേശം

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈത്തീവിനും ഇടയില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടത്. ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരം തൊടും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായിട്ടായിരിക്കും കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കര്‍ഷക പ്രക്ഷോഭം; കേന്ദ്രം ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക്

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്.

Story Highlights todays headlines 03-12-2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here