അമ്മ

..

സുഭാഷ് പോണോളി/ കവിത

കേരളാ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്പെക്ടര്‍ ആണ് ലേഖകന്‍


വറുത്തരച്ച കറികള്‍ക്ക് അമ്മയുടെ കണ്ണുകളിലെ നോവിന്റെ രുചി.
കറുത്ത ചരടിലെ താലിയിലെപ്പോഴും കഴിഞ്ഞകാലത്തിന്റെ കറവീണപാടുകള്‍.
ഒട്ടിപ്പോയ കവിള്‍ത്തടങ്ങളില്‍
വേദനയുടെ ഭൂഖണ്ഡങ്ങളില്‍ പറന്ന പ്രാപ്പിടിയന്റെ നഖക്ഷതങ്ങള്‍.

ആറുപെറ്റവയറ്റില്‍ വിശപ്പു കത്തിയ ഇന്നലെകളുടെ കയ്പ്പ് തിളക്കുന്നു.
ജീവിത രേഖകള്‍ പടര്‍ന്നുകയറിയ കൈവെള്ളയിലെ തഴമ്പില്‍
ചൂണ്ടകള്‍ കൊളുത്തി വലിച്ച മുറിപ്പാടുകള്‍.

നെറ്റിയില്‍ ഒരിക്കല്‍പോലും ചൂടാതെപോയ പ്രണയത്തിന്റെ ചന്ദനമണമറ്റ
സിന്ദൂരബാക്കി.

കാതിലെ
മുക്കുപണ്ടം ക്ലാവ് പിടിച്ചകാലത്തിന്റെ കടവില്‍ തേഞ്ഞൊടുങ്ങുന്നു.

കുഴിനഖം കുത്തിയ വിരലുകളില്‍
വേട്ടയാടിയ വെളിപ്പാടുകള്‍
ചലം നിറയ്ക്കുന്നു.

വറ്റിപ്പോയ മാറിടത്തിന്റെ ശുഷ്‌ക്കരൂപം പൊട്ടിപ്പോയ ശിലാഫലകം
പോലെ സ്മാരകമാവുന്നു.

ഉതിര്‍ന്നുവീണ നരനിറഞ്ഞ തലമുടിയില്‍ എള്ളെണ്ണ വറ്റിയ വിയര്‍പ്പിന്റെ ഉപ്പുമണം.

ചൂടാതെപോയ പൂക്കളില്‍ വിശപ്പുറങ്ങിയ മക്കളുടെ വരച്ചിട്ട മുഖങ്ങള്‍..

പേറ്റുനോവിന്റെ ശിരോലിഖിതങ്ങളില്‍ എഴുതിവച്ച വറുതിയുടെ
പാപലിപികള്‍..

കാട്ടുതീ പോലെ പടര്‍ന്ന അവഗണനയുടെ സിരകളില്‍
ശിഷ്ടജീവിതത്തിന്റെ കൊടിഞ്ഞില്‍കുത്ത്.

മുഷിപ്പിക്കാത്ത തോറ്റംപാട്ടില്‍ കാവിലെ ദേവിയുടെ മുഖംമൂടി അണിയുന്ന അമ്മയുടെ
ജാതകപ്പെരുമ.

സ്വപ്നത്തിലെ ആകാശങ്ങളില്‍ ഉത്സവപ്പറമ്പിലെ കരിമ്പുപാടങ്ങള്‍ കായ്ച്ചുനില്‍ക്കുന്നു..

തിമിരം കുറിച്ചിട്ട കണ്ണില്‍ എറ്റമേറിയ മാടിന്റെ ദൈന്യത..

ചാരായത്തിന്റെ വിഷമിറ്റുന്ന വാക്കുകള്‍കൊണ്ട് നോവേറി നീലിച്ച കണ്‍തടങ്ങള്‍…

കാട്ടുചെമ്പകത്തിന്റെ മണവുമായി ശലഭങ്ങള്‍ മേഘരഥങ്ങള്‍
വലിച്ചുപോകുന്നു..

അതില്‍ നിറകണ്ണുകളുമായി അമ്മയുടെ രൂപം,

കിനാവിലെ
പാപഗ്രീഷ്മങ്ങള്‍
ഇങ്ങനെ
വസന്തങ്ങളെ പെറ്റുകൂട്ടിയിരുന്നുവെങ്കില്‍..

ഓര്‍മ്മയുടെ
പൂപറിയ്ക്കാനെനിക്ക്
അമ്മയുടെ തോളില്‍ക്കയറാമായിരുന്നു…

Story Highlights – amma- poem

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top