ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-12-2020)

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ടെ ദുരഭിമാനക്കൊല; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി

പാലക്കാട് തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് തുടങ്ങി. കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും; സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും. സ്വകാര്യ ഏജന്‍സികള്‍ക്കാണ് സര്‍വേയുടെ ചുമതല. മൂന്ന് ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിക്കും. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും.

ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്

ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്. പാർട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകൾ ഇടുക്കിയിൽ എത്തിച്ചതായും ഇന്റലിജൻസിന് സൂചന ലഭിച്ചു. നിശാപാർട്ടികൾക്ക് പിന്നിൽ വൻ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടർന്ന് പീരുമേട്, ഉടുമ്പൻചോല, മൂന്നാർ മേഖലകളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി.

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി; എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ. വര്‍ഗീസിന് ഉറപ്പുനല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍; രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യം

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വ്യാഴാഴ്ച തന്നെ നടക്കും. ഗവര്‍ണറും സര്‍ക്കാരും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് സഭ നിശ്ചിത തീയതിയില്‍ ചേരുക. അടിയന്തര സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു.

കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍

കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചു കൊണ്ട് പ്രതിഷേധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു.

2025ല്‍ ഇന്ത്യ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും എന്ന് സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്

ഇനിയുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആയിരിക്കും എന്ന് വേള്‍ഡ് എക്കോണമിക് ലീഗ് ടേബിളിന്റെ വിലയിരുത്തല്‍. 2030ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും വിധമാകും വളര്‍ച്ച. 2028ല്‍ ചൈന അമേരിയ്ക്കന്‍ സമ്പത്ത് ഘടനയെ മറികടക്കും എന്നും വേള്‍ഡ് എക്കോണമിക്ക് ലീഗ് ടെബിള്‍ വിലയിരുത്തി.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top