ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (10-01-2021)

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ജനുവരി 21ലേക്ക് മാറ്റിയേക്കും

രാജ്യത്ത് കൊവിഡ് കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21 ലേക്കാണ് വാക്‌സിനേഷന്‍ മാറ്റിയത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്ന് ഹമീദ് വാണിയമ്പലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്നും ഹമീദ് വാണിയമ്പലം പറയുന്നു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് നിയമോപദേശം. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസമില്ല. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. നിയമസഭാ വേളയില്‍ സ്പീക്കറെ ചോദ്യം ചെയ്യില്ല. സഭയോടുള്ള ബഹുമാന സൂചകമായാണ് തീരുമാനം.

ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്തിരഹിതം: ടി പി പീതാംബരന്‍

എല്‍ഡിഎഫില്‍ തുടരാന്‍ ശരത് പവാര്‍ നിര്‍ദേശിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. നിലവിലുള്ള നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിടുന്നത് ചിന്തിച്ചിട്ടില്ലെന്നും ടി പി പീതാംബരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ല; തുറന്നടിച്ച് പി സി ചാക്കോ

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ. കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണം എന്നും പി സി ചാക്കോ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ ഉപയോഗം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ

കൊവിഡ് വാക്‌സിന്റെ ഉപയോഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനെയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ്. ജനുവരി 16ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതോടെ ഇന്ത്യ കൊവിഡ് മഹാമാരിക്കെതിരായി ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി നാളെ പരിഗണിക്കും

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ആരംഭിക്കുന്ന നിയമ വ്യവഹാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടമായി മാറും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ മുതല്‍ കേള്‍ക്കാനാണ് സുപ്രിം കോടതി തീരുമാനം. സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളും സുപ്രിം കോടതി നാളെ പരിഗണിക്കും.

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കണം; ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍

കൊവിഡ് വാക്‌സിന്‍ വിതരണം 16ാം തിയതി ആരംഭിക്കാനിരിക്കെ വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍. ആദ്യത്തെ മൂന്ന് കോടി പേര്‍ക്ക് ഉടന്‍ നല്‍കുമെന്നും 27 കോടി പേര്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഓഗസ്റ്റിനുള്ളില്‍ നല്‍കുമെന്നുമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top