സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവുമ്പോൾ

sanju samson rajasthan captain

ഐപിഎൽ വരുന്ന സീസണിലേക്കുള്ള രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. അതും, ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി. സഞ്ജു, രാജസ്ഥാൻ റോയൽസിൻ്റെ നായകനായി എന്നതിനപ്പുറം ഈ സ്റ്റേറ്റ്മെൻ്റിന് മറ്റൊരു തലം കൂടിയുണ്ട്. ഒരുകാലത്ത് ഉത്തരേന്ത്യൻ കുത്തക ആയിരുന്ന ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഏറ്റവും സുപ്രധാനമായ ഒരു സ്ഥാനത്ത് ഒരു മലയാളി അവരോധിക്കപ്പെടുകയാണ്. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ ഉപനായകനായിത്തന്നെ രാജ്യാന്തര ക്രിക്കറ്റിൽ തുടക്കമിട്ടയാളാണ് സഞ്ജു. പക്ഷേ, ഒരു ഐപിഎൽ ടീമിൻ്റെ നായകനാവുക എന്നാൽ അതിന് വലിയ മാനങ്ങളാണുള്ളത്.

കേരള ക്രിക്കറ്റ് ടീമിനെ മുൻപ് നയിച്ചിട്ടുണ്ട് സഞ്ജു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിൻ്റെ ക്യാപ്റ്റനായിരുന്നു. അതികായന്മാരായ മുംബൈയെയും ഡൽഹിയെയുമൊക്കെ തോൽപിച്ച് ക്വാർട്ടർ പ്രതീക്ഷ നൽകിയ കേരളം പക്ഷേ, അവസാന രണ്ട് മത്സരങ്ങളിൽ ആന്ധ്രയോടും ഹരിയാനയോടും പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു തരക്കേടില്ലെന്നാണ് മുൻ പ്രകടനങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ക്യാപ്റ്റൻസി ബാറ്റിംഗിനെ കാര്യമായി ബാധിക്കുന്നില്ല. മികച്ച ഒരു ബൗളിംഗ് നിര ഇണ്ടെങ്കിൽ സഞ്ജുവിലെ ക്യാപ്റ്റൻ പതറും. ബൗളിംഗ് ചേഞ്ചുകൾ മികച്ചതായി തോന്നി. രാജസ്ഥാൻ റോയൽസിൻ്റെ പ്രശ്നം, ജോഫ്ര ആർച്ചർ അല്ലാതെ ഒരു മികച്ച ബൗളർ ഇല്ല എന്നതായിരിക്കെ വരുന്ന മിനി ഓക്ഷനിൽ ടീം മാനേജ്മെൻ്റ് അതിനാവും കൂടുതൽ ശ്രദ്ധ കൊടുക്കുക. പ്രത്യേകിച്ചും സ്മിത്തിനെ റിലീസ് ചെയ്തതിലുണ്ടായ വലിയ ലാഭം ഒരു വിദേശ പേസറെ വിളിച്ചെടുക്കാൻ ചെലവിട്ടേക്കാം.

Read Also : സ്റ്റീവ് സ്മിത്ത് പുറത്ത്; രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും

കോർ ഗ്രൂപ്പ് രാജസ്ഥാൻ അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഒരു ബൗളറെക്കൂടി ടീമിലെത്തിക്കുകയാണ് കോമ്പിനേഷൻ ശരിയാക്കാനുള്ള ആദ്യ പടി. ക്യാപ്റ്റൻ ആയതുകൊണ്ട് തന്നെ അസ്‌ഹറുദ്ദീനെപ്പോലെ കേരള താരങ്ങളെ സഞ്ജു രാജസ്ഥാൻ ക്യാമ്പിൽ ട്രയൽസിനായി എത്തിച്ചേക്കാം. എന്ത് തന്നെയായാലും സഞ്ജു രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനാവുമ്പോൾ മാറ്റിയെഴുതപ്പെടുന്നത് കാലങ്ങളായി നിശ്ചയിച്ചിരുന്ന പതിവുരീതികളാണ്.

Story Highlights – sanju samson as rajasthan royals captain what to expect

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top