ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-02-2021)

പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കും; എംഎൽഎയായി തുടരുമെന്ന് മാണി. സി. കാപ്പൻ

പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് മാണി. സി. കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ രാജിവയ്ക്കാനാണ് തീരുമാനം. എംഎൽഎയായി തുടരും. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി. സി. കാപ്പൻ വിശദീകരിച്ചു.

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 90 പിന്നിട്ടു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി.

ക്യാപിറ്റോള്‍ കലാപം; ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് കുറ്റവിചാരണയില്‍ നിന്ന് രക്ഷപ്പെടുന്നത്.

എല്ലാ സര്‍വീസുകളും പുനഃരാരംഭിക്കുന്നു; തയാറെടുപ്പിന് ഡിവിഷന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി റെയില്‍വേ

പൂര്‍ണ സര്‍വീസിന് സജ്ജമാവാന്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. എപ്രില്‍ ഒന്നു മുതല്‍ എല്ലാ ട്രെയിനുകളും രാജ്യത്ത് സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. എതാണ്ട് ഒരു വര്‍ഷമായി പ്രതിദിന ടൈംടെബിള്‍ പ്രകാരമുള്ള സര്‍വീസ് റെയില്‍വേ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പതിവു രീതിയിലേക്ക് പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ തിരുമാനം.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. 14 എഫ്‌ഐആറുകളില്‍ 122 കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇവരുടെ പേരുകളും മേല്‍വിലാസവും കര്‍ഷക നേതാക്കള്‍ പുറത്തുവിട്ടു.

Story Highlights – todays headlines 14-02-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top