ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (05-03-2021)

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട്. ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ല: ധനമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഇഡിയുടെ നടപടി കേരളത്തില്‍ വിലപ്പോവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗുജറാത്തില്‍ ചെയ്യുന്നത് കേരളത്തില്‍ നടക്കില്ല. രാഷ്ട്രീയമാണ് ലക്ഷ്യമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇഡി ലാവ്‌ലിന്‍ കുത്തിപ്പൊക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശം; വിശദീകരണവുമായി കെ. സുരേന്ദ്രന്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീധരനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ മുന്നില്‍ നിന്ന് നയിക്കും. ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഒരു വശത്തും സര്‍ക്കാര്‍ മറുഭാഗത്തും നിലയുറപ്പിച്ചു. ശബരിമലയിലെത്തിയ ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്ന് അംഗീകരിച്ച സത്യമാണെന്നും ഹൈക്കോടതി പറഞ്ഞു.

ഇന്ധന വില ഉയരുന്നത് വീണ്ടും തുടരും

രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും സൂചന.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസ് എടുക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസ് എടുക്കും. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. വനിതാ ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. അതിനിടെ കിഫിബി സിഇഒ കെ.എം. ഏബ്രഹാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതി; എന്‍ഫോഴ്‌സമെന്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയെന്നും ബാങ്ക് വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

പശ്ചിമ ബംഗാളിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് സമിതിയുടെതാണ് പരാതി.

യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും

യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായാണ് പ്രധാന ചര്‍ച്ച. മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കിയാല്‍ 10 സീറ്റുകള്‍ക്ക് വഴങ്ങാമെന്ന ജോസഫ് പക്ഷത്തിന്റെ ഫോര്‍മുല കോണ്‍ഗ്രസ് എങ്ങനെ പരിഗണിക്കുമെന്നതാണ് നിര്‍ണായകം.

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്നും തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷമായിരിക്കും കേരളത്തിന്റെ പട്ടിക പ്രഖ്യാപിക്കുക.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top