Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-03-2021)

March 9, 2021
Google News 1 minute Read

ഗ്രൂപ്പുകള്‍ക്കായി വാദിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തി

തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നീക്കം

ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നിര്‍ണായക നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ സിനഡ് ഇന്ന് ചേരും. യാക്കോബായ സഭാ നേതൃത്വവുമായി കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തും. ശനിയാഴ്ച ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. പള്ളിതര്‍ക്കത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.

നിയമസഭാ തെരഞ്ഞെടുപ്പ്; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്. കൊടുങ്ങല്ലൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ആവശ്യം. ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. ശബരിമല ഉള്‍പ്പെടുന്ന റാന്നി സീറ്റില്‍ ബിഡിജെഎസ് തന്നെയായിരിക്കും മത്സരിക്കുക.

പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററിലുള്ളത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഉപ്പള ടൗണിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയ്ക്ക് മേൽ സമ്മർദം ചെലുത്തിയെന്ന മൊഴി; ഇ.ഡി ഉദ്യോ​ഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.

ഉത്തരാഖണ്ഡിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ഉത്തരാഖണ്ഡിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി. നേതൃമാറ്റ ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. എം.എൽ.എമാർ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായാണ് വിവരം.

Story Highlights – todays headlines 09-03-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here