നെടുമങ്ങാട്ട് കനത്ത ത്രികോണ മത്സരം; മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം

nedumangad election

സ്ഥിരമായി ആരോടും വലിയ മമത കാണിക്കാത്ത നെടുമങ്ങാട് നിയോജകമണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരന്‍ പിടിച്ചെടുത്ത നെടുമങ്ങാട് മടക്കിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. വോട്ടില്‍ വന്‍മുന്നേറ്റമുണ്ടാക്കിയ ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സി ദിവാകരന്റെ പിന്മാഗാമിയായെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി ആര്‍ അനിലിന്റെ പ്രചാരണം മുന്നേറുന്നത്. നിയമസഭയിലേക്കുള്ള കന്നിയങ്കമാണെങ്കിലും മണ്ഡലത്തിലെ പരിചയവും വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണവും ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പി എസ് പ്രശാന്തിനും നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണിത്. മണ്ഡലത്തിന്റെ വികസന മുരടിപ്പും സര്‍ക്കാരിനെതിരായ ആരോപണങ്ങളും വോട്ടാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതത്തിലുണ്ടായ ക്രമാനുഗതമായ വര്‍ധന വിജയത്തിലേക്കെത്തിക്കുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാന നേതാവും നാട്ടുകാരനുമായ ജെ ആര്‍ പത്മകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടിക്കതീതമായ അംഗീകാരം കിട്ടുമെന്നും വിലയിരുത്തല്‍.

എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും തരാതരംപോലെ ചാഞ്ഞിട്ടുള്ള മണ്ഡലമാണ് നെടുമങ്ങാട്. കോണ്‍ഗ്രസിലെ പാലോട് രവിയില്‍ നിന്ന് 2016ല്‍ സി ദിവാകരന്‍ മണ്ഡലം പിടിച്ചെടുത്തു. പക്ഷെ ശ്രദ്ധേയമായത് ബിജെപി പിടിച്ച 35,139 വോട്ടുകളാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് 36,417 ആയി വര്‍ധിക്കുകയും ചെയ്തു. ഈ വോട്ടുകളിലെ ഏറ്റക്കുറച്ചിലുകള്‍ ഇക്കുറി മണ്ഡലത്തില്‍ നിര്‍ണായകമാകും.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top