ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിം കോടതി വിധി പറയാൻ മാറ്റി

ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലഖയുടെ ആവശ്യം. ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. 2017 ഡിസംബർ 31ന് ഗൗതം നവലഖ പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എൻഐഎ കേസ്.
കഴിഞ്ഞ ദിവസം, ഭീമ കൊറേഗാവ് കേസിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എൻഐഎ പ്രത്യേക കോടതി തള്ളിയിരുന്നു. പാർക്കിൻസൺ അസുഖം അടക്കം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷയെ എൻഐഎ ശക്തമായി എതിർത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താൻ സ്റ്റാൻ സ്വാമി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു.
ഭീമ കൊറേഗാവ് കേസിൽ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവർത്തകരേയും രണ്ടുവർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. നിലവിൽ കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായം കൂടിയയാളാണ് സ്റ്റാൻ സ്വാമി. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സ്റ്റാൻ സ്വാമിയെ ചോദ്യം ചെയ്തിരുന്നു. മലയാളിയായ സ്റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിൽ ആദിവാസികൾക്കിടയിലാണ് പ്രവർത്തിക്കുന്നത്.
Story Highlights- SC reserves order on Gautam Navlakha’s bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here