പരമോന്നത ബഹുമതി പകരക്കാരില്ലാത്ത സ്റ്റൈല്‍ മന്നന്

rajanikanth

തലമുറകളുടെ ഇഷ്ടനായകന്‍, കഠിനാധ്വാനി, എല്ലാറ്റിനും ഉപരി ചുറ്റുമുള്ളവര്‍ക്ക് മാതൃകയാകുന്ന കലാകാരന്‍ എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് രജനികാന്ത്. ഇന്ത്യയില്‍ ചലച്ചിത്ര കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് തലൈവര്‍ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ്. തമിഴ് സിനിമാ രംഗത്ത് നിന്ന് ശിവാജി ഗണേശനും സംവിധായകന്‍ ബാലചന്ദറിനും ശേഷം ഈ പുരസ്‌കാരം ലഭിക്കുന്നതും രജനിക്ക് തന്നെ. തമിഴ്‌നാട്ടിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ബോക്‌സ് ഓഫീസ് രാജാവ് എന്ന് രജനിയെ നിസ്സംശയം വിളിക്കാം. ജീവിതത്തില്‍ വളരെയധികം ലാളിത്യം പുലര്‍ത്തുന്ന, മേക്കപ്പില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്ന രജനി മറ്റ് താരങ്ങള്‍ക്ക് നല്‍കുന്നത് മികച്ചൊരു മാതൃകയാണ്.

പുരസ്‌കാര ലബ്ധിയിലും തന്റെ വിനയം പ്രകടമാക്കാന്‍ താരം മറന്നില്ല. തന്നെ സിനിമാ ജീവിതം തെരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിച്ച സുഹൃത്ത്, ബസ് ഡ്രൈവര്‍ രാജാ ബഹാദൂറിനും ഗുരുവായ ബാലചന്ദറിനുമാണ് അദ്ദേഹത്തിന്റെ പുരസ്‌കാര സമര്‍പ്പണം. 51ാമത് ദാദാ സാഹെബ് ഫാല്‍ക്കേ പുരസ്‌കാരം രജനികാന്ത് നേടുന്നത് നാല് ദശാബ്ദകാലത്തെ സിനിമാ ജീവിതത്തിന് ശേഷമാണ്.

ശിവാജി റാവു ഗേക്വാദ് എന്നാണ് രജനികാന്തിന്റെ യഥാര്‍ത്ഥ നാമം. 1950 ഡിസംബര്‍ 12ന് കര്‍ണാടകയിലെ ബംഗളൂരുവില്‍ മറാത്തി കുടുംബത്തിലാണ് ജനനം. അതിജീവനത്തിനായി നിരവധി തൊഴിലുകള്‍ ചെയ്തു. ബസ് കണ്ടക്ടര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാനുള്ള തീരുമാനം. കുട്ടിക്കാലത്ത് തന്നെ തന്റെ പ്രതിഭ പ്രകടിപ്പിക്കാന്‍ തുടങ്ങിയ രജനികാന്തിനെ ബാലചന്ദര്‍ കണ്ടെത്തിയത് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ്.

1975ല്‍ ബാലചന്ദര്‍ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ശിവാജി റാവുവിന് ‘രജനികാന്ത്’ എന്ന പേര് നല്‍കിയതും ബാലചന്ദറാണ്. കമലഹാസനും ശ്രീവിദ്യയ്ക്കും ഒപ്പം ‘അപൂര്‍വ രാഗങ്കള്‍’ എന്ന സിനിമയിലൂടെയാണ് രജനികാന്ത് തന്‍റെ ആദ്യ ചുവടുവച്ചത്. എണ്‍പതുകളിലാണ് രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. കന്നട,തെലുങ്ക്, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. ഗര്‍ജനം എന്ന മലയാള ചിത്രത്തില്‍ നായകനായി. ബില്ല, ദളപതി, എന്തിരന്‍, ബാഷ, കാല തുടങ്ങി ചരിത്രം കുറിച്ച നിരവധി ചിത്രങ്ങള്‍ രജനിയുടെതായുണ്ട്.

അഭിനയത്തില്‍ വ്യത്യസ്ത പുലര്‍ത്തിയ രജനിക്ക് വലിയ സ്വീകാര്യത ലഭിച്ചു. അമിതാഭ് ബച്ചനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും രജനി തുറന്നുപറഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചന്റെ സിനിമകളുടെ തെലുങ്ക്, തമിഴ് റീമേക്കുകളില്‍ അദ്ദേഹം അഭിനയിച്ചു. ബാഷാ എന്ന ചിത്രത്തിന് ശേഷമാണ് ദൈവത്തെ പോലെയുള്ള ആരാധന രജനികാന്തിന് ലഭിച്ചുതുടങ്ങിയത്.

രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ‘ബാബാ’ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോള്‍ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കി രജനി ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്ക് മാതൃകയായി.

ഇന്ത്യയില്‍ തന്നെ 100 കോടി ക്ലബ് സിനിമകള്‍ക്ക് തുടക്കമിട്ടത് രജനികാന്തിന്റെ ശിവാജിയാണ്. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായും രജനികാന്ത് മാറി. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും വളരെയധികം പങ്കെടുക്കുന്ന താരം രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈയിടയ്ക്കാണ്. ആത്മീയതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രജനി തന്റെ മിക്ക സിനിമകള്‍ക്കും ശേഷം ഹിമാലയ യാത്ര നടത്താറുണ്ട്.

2016ലെ പത്മ വിഭൂഷണ്‍, രണ്ട് തവണ പ്രത്യേക പരാമര്‍ശമുള്‍പ്പെടെ ആറ് തവണ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ഫിലിം പഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാ വീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്‌റ്റൈല്‍ മന്നന് ലഭിച്ചതില്‍ ആഹ്‌ളാദത്തിലാണ് ആരാധകര്‍. തലൈവരുടെ നേട്ടത്തില്‍ അതിയായ സന്തോഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. തമിഴ് മന്നന്‍ രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതില്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

ഗായകരായ ആഷ ഭോസ്ലേ, ശങ്കര്‍ മഹാദേവന്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, ബിശ്വജീത്, സംവിധായകന്‍ സുഭാഷ് ഘായ് എന്നിവര്‍ ചേര്‍ന്നാണ് രജനികാന്തിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

ആരാധകര്‍ക്ക് രജനിയൊരു വികാരമാണ്. വെള്ളിത്തിരയില്‍ ആ പേര് മാത്രം മതി തിയറ്ററുകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകാന്‍. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും രജനിക്ക് ആരാധകര്‍ നിരവധിയാണ്. 150 സിനിമകളിലായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമാ ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് രജനി.

Story Highlights: rajanikanth, dada saheb phalke aaward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top