ജി സുകുമാരൻ നായരുടെ അഭിപ്രായം ഇടതു സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കില്ല : ഗണേശ് കുമാർ

ജി സുകുമാരൻ നായരുടെ അഭിപ്രായം ഇടതു സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് ഗണേശ് കുമാർ ട്വന്റിഫോറിനോട്. സുകുമാരൻ നായർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുന്നാക്ക സംവരണത്തിലൂടെ മന്നത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത് എൽഡിഎഫാണെന്നും ഗണേശ് കുമാർ പറഞ്ഞു.
എൻഎസ്എസുമായി പ്രശ്‌ന പരിഹാരത്തിൽ ഇടപെടേണ്ടത് അച്ഛനെ പോലുള്ള സീനിയർ നേതാക്കളാണെന്നും തന്നെപ്പോലെയുള്ളവർ മധ്യസ്ഥനാകേണ്ട ആവശ്യമില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. എൻഎസ്എസിന്റെ തെറ്റിദ്ധാരണ മാറുമെന്നും ഗണേശ് കുമാർ പറഞ്ഞു.
ശബരിമല വിഷയം യുഡിഎഫ് ഉപയോഗിച്ചത് ഗതികേടിന്റെ ഭാഗമായാണെന്നും അറ്റകൈ പ്രയോഗം എന്ന നിലയിൽ ബിജെപിയേക്കാൾ മോശമായി ശബരിമല യുഡിഎഫ് ഉപയോഗിച്ചുവെന്നും ഗണേശ് കുമാർ പറഞ്ഞു. വർഗീയ ധ്രുവീകരണ ശ്രമം യുഡിഎഫ് നടത്തിയത് വേദനാ ജനകമാണെന്നും ഗണേശ് കുമാർ പറഞ്ഞു.
സിപിഐക്ക് തന്നോട് വൈരമില്ല. വൈരമുണ്ടെന്ന് യുഡിഎഫ് നടത്തിയത് വ്യാജ പ്രചാരണമാണ്. പ്രചാരണത്തിന് മോഹൻലാലടക്കം താരങ്ങളെ കൊണ്ടുവരാഞ്ഞത് കൊവിഡ് കണക്കിലെടുത്താണ്. നിവിൻ പോളി, മനോജ് കെ ജയൻ എന്നിവർ വോട്ടു തേടി വീഡിയോ അയച്ചു തന്നു. അമ്മയിലെ നോമിനേഷൻ ഒപ്പിട്ടു തന്നത് കഴിഞ്ഞ തവണ എതിരാളിയായിരുന്ന നടൻ ജഗദീഷാണ്. ഭീമൻ രഘു പ്രചാരണത്തിന് വരാമെന്ന് പറഞ്ഞെങ്കിലും താനാണ് നിരുത്സാഹപ്പെടുത്തിയതെന്നും ഗണേശ് കുമാർ പറഞ്ഞു.
കഴിഞ്ഞ തവണ മന്ത്രിയാവാത്തതിൽ നിരാശയില്ലെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: ganesh kumar on sukumaran nair response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here