പ്രായത്തെ വെല്ലുന്ന കരുത്ത്; സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായമേറിയ ആളായി 104 കാരി അന്നം

പ്രായത്തെ വെല്ലുന്ന കരുത്തോടെ വാർധക്യ അവശതകളെ അവഗണിച്ച് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് 104 കാരി അന്നം. അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടിൽ വീട്ടിൽ വർക്കിയുടെ ഭാര്യയായ അന്നം അങ്കമാലി താലൂക്കാശുപത്രിയിലത്തെി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് വാക്‌സിൻ സ്വീകരിക്കാൻ മടിച്ച് നിൽക്കുന്നവർക്ക് പ്രചോദനമാവുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാൾ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.
കൊവിഡ് മഹാമാരി വീണ്ടും ഭീതി സൃഷ്ടിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജൻസികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊർജിതമാക്കി. അതോടെയാണ് കൊവിഡ് വാക്‌സിൻ സംരക്ഷണ വലയം തീർക്കാൻ പ്രായം വകവയ്ക്കാതെ അന്നവും പ്രതിരോധ പ്രവർത്തനത്തിന്റെ കണ്ണിയായത്. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടിൽ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങൾ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്കാശുപത്രിയിലത്തെി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
104 കാരി കൊവിഡ് വാക്‌സിൻ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയെ തുരത്താൻ അധികാരികൾ വിപുലമായ സംവിധാനം ഏർപ്പെടുത്തിയതിന് അഭിനന്ദനവും, മടി കാണിക്കാതെ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന വീഡിയോ സന്ദേശവും നൽകിയാണ് അന്നം ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
Story highlights: keralas oldest vaccine receiver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here