Advertisement

ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്

May 19, 2021
Google News 1 minute Read
professor hany babu

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബുവിനെ ബോംബെയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിര്‍ദേശം.

കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള ആശുപത്രിയില്‍ ചികിത്സ നടക്കട്ടെയെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ചികിത്സ ചെലവ് വഹിക്കാന്‍ കുടുംബം തയാറായതും കണക്കിലെടുത്തു. നിലവില്‍ ബോംബെയിലെ ജി ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഹാനി ബാബു.

മഹാരാഷ്ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെയാണ് ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണില്‍ അണുബാധ ഏറ്റതിനാല്‍ നേരത്തെ തന്നെ ഹാനി ബാബു ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിതനായ ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗവും പിടിപ്പെട്ടിരുന്നു. കുടുംബമായിരുന്നു ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. മകനെ കാണാന്‍ ആശുപത്രിയിലെത്തിയ അമ്മയോട് നഴ്സാണ് കൊവിഡ് ബാധിച്ച വിവരം പറഞ്ഞത്. ഒഫീഷ്യലായി വിവരം ലഭിച്ചിട്ടില്ലെന്നും കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ആദ്യം പ്രൊഫസര്‍ ഹാനി ബാബുവിന് കണ്ണില്‍ തീവ്രമായ അണുബാധയുണ്ടെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റു ശരീരഭാഗങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന അണുബാധ തലച്ചോറിലേക്ക് പടരാനും അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഭാര്യ ജെന്നി റൊവേന അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Story Highlights: hany babu, bheema koregaon case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here