23
Jun 2021
Wednesday

മഴക്കാല രോ​ഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കഴിക്കേണ്ട ഭക്ഷണം, ഒഴിവാക്കേണ്ട കാര്യങ്ങൾ, തുടങ്ങി അറിയേണ്ടതെല്ലാം

വെയിലും മഴയും മഞ്ഞും എപ്പോൾ മാറിവരുമെന്ന് പറയാൻ കഴിയാത്ത വിധം കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ. കൊവിഡ് രണ്ടാം തരംഗവും രൂക്ഷമായ അവസരത്തിലാണ് നമ്മൾ ചൂട് കാലം വിട്ട് മഴക്കാലത്തേക്ക് കടക്കുന്നത്. കർക്കിടകത്തിൽ മഴ തിമിർത്തു പെയ്യുമെന്നാണല്ലോ പ്രമാണം.

മഴക്കാലത്താണ് പ്രതിരോധ ശേഷി ഏറ്റവും കുറയുന്നത്. രോഗാണുക്കൾ പെറ്റുപെരുകുന്നതും ഈ കാലത്താണ്. മഴക്കാലം ആഗതമാകുന്നതോടെ പല അസുഖങ്ങളും കൂടുതലായി കാണാറുണ്ട്. ജലദോഷം മുതൽ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. സാധാരണ മഴക്കാലം എന്നതിലുപരി കൊവിഡിനെ കൂടി കണക്കിലെടുത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരുത്തരവാദിത്തം കൂടി നാം ഓരോരുത്തർക്കുമുണ്ട്. ചെറിയ അശ്രദ്ധകൾ കാരണം വലിയ അസുഖങ്ങൾ വരുത്താതിരിക്കാനും എന്നാൽ കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തെ രോഗങ്ങളിൽ നിന്ന് രക്ഷിക്കാനും കഴിയണം.

കൂടുതലായും ജലത്തിലൂടെയും കൊതുകു വഴിയും പകരുന്ന രോഗങ്ങളാണ് മഴക്കാലത്ത് കണ്ടു വരുന്നത്. ജലദോഷം, വിവിധ തരം പനികൾ (എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ), വളംകടി, മലേറിയ, ചർദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊക്കെയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങൾ.

മഴക്കാലവും ആയുർവേദവും

മഴക്കാലത്ത് വാത സംബന്ധമായ രോഗങ്ങളും ദഹനേന്ദ്രിയ ദുർബലതയാൽ ഉണ്ടാകുന്ന രോഗങ്ങളുമാണ് പരക്കെ കാണുന്നത്. ഇത്തരം രോഗാവസ്ഥകൾ ആയുർവേദത്തിലൂടെ പ്രതിരോധിക്കാം.

ശീലിക്കേണ്ടവ

കുടിക്കുന്നതിനുള്ള വെള്ളം

• കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

• ചുക്കുo മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കാം.

ആഹാരം

• ലഘുവായ ആഹാരങ്ങൾ കഴിക്കുക.

• അരി, ഗോതമ്പ്, ബാർളി, മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക

• ആഹാരം ചൂടോടെ കഴിക്കുക.

• ചെറുപയർ സൂപ്പ് ശീലിക്കുക.

• ആഹാരത്തിൽ ചുക്ക്, കുരുമുളക് ചേർത്ത് പാകം ചെയ്യുന്നതും നല്ലതാണ്.

എണ്ണ തേപ്പ്, വ്യായാമം

• എള്ളെണ്ണയോ വെളിചെണ്ണയോ ദേഹത്ത് പുരട്ടി ലഘുവായി വ്യായാമം ചെയ്യുക.

• കുളിക്കുന്നതിന് ചെറു ചൂടുവെള്ളം ഉപയോഗിക്കുക.

• കുളി കഴിഞ്ഞ് രാസ്നാദി ചൂർണ്ണം നെറുകയിൽ തിരുമ്മുക.

വസ്ത്രങ്ങൾ

• നന്നായി ഉണങ്ങിയ കട്ടി കുറഞ്ഞ വസ്ത്രം ഉപയോഗിക്കുക.

കൈകാൽ കഴുകുന്നതിന്.

• വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കൈകാലുകൾ കഴുകാൻ ഉപയോഗിക്കുക.

രോഗാണു നാശനത്തിനും രോഗവാഹകരെ അകറ്റുന്നതിനും

• വെള്ളം കെട്ടിക്കിടക്കാനുളള എല്ലാ സാഹചര്യങ്ങളെയും നശിപ്പിക്കുക. (പൊട്ടിയ ചിരട്ട, പ്ലാസ്റ്റിക് കുപ്പികൾ മുതലായവ)

• വീട് ഇഴ ജന്തുക്കളും, കൊതുക്, ഈച്ച, എലികളും മറ്റും കയറാത്തവിധം സൂക്ഷിക്കുക.

വീടും പരിസരവും പുകക്കാൻ

• അപരാജിത ധൂമ ചൂർണ്ണം അല്ലെങ്കിൽ തുമ്പ, ഉണങ്ങിയ വേപ്പില , കടുക് ഇവ ഉപയോഗിച്ച് വീടും പരിസരവും രാവിലെയും വൈകുനേരവുo പുകക്കുക.

• കൊതുകു നിവാരണത്തിന് പുകയില കഷായം, വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കാം

• വെളുത്തുള്ളി ചതച്ചത്, പുൽ തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.

• പാദരക്ഷകൾ ധരിക്കുക.

ഒഴിവാക്കേണ്ടവ

ആഹാരം

• എരിവ്, കയ്പ്, ചവർപ്പ് രസമുള്ള വ അമിതമായി ഉപയോഗിക്കരുത്.

• ആട്ടിൻ മാംസം

• തൈര്

• കടുക്

• വെള്ളുള്ളി

• അമരക്ക

• പടവലങ്ങ

വിഹാരം

• നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുത്.

• നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്

• കഠിനാധ്വാനം ചെയ്യരുത്.

• പുഴ വെള്ളത്തിൽ കുളിക്കരുത്.

കൊവിഡിനോടൊപ്പം ഈ മഴക്കാലവും നമുക്ക് ആരോഗ്യത്തോടെ മറികടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചെറിയ അസുഖമാണെങ്കിൽ പോലും സ്വയം ചികിത്സിക്കാതെ അടുത്തുള്ള ഡോക്ടറെ കണ്ട് കൃത്യമായ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഒപ്പം മാസ്ക് ധരിക്കുക , സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വാക്സിൻ എടുക്കാത്തവരാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വാക്സിൻ സ്വീകരിക്കുക.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top