Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (09-06-2021)

June 9, 2021
Google News 1 minute Read

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്.പ്രഖ്യാപനം ഡൽഹിയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം. കോണ്‍ഗ്രസ് പാർട്ടിയുടെ പ്രധാനിയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കോൺഗ്രസ് നേതാവായിരുന്നു ജിതിൻ. കൂടാതെ ഉത്തർ പ്രദേശ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം ലഭിച്ചതായി സൂചന.

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ സംസ്ഥാനത്ത് നാളെ പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം സംസാരിക്കുന്നത് വിലക്കിയതില്‍ മാപ്പുപറഞ്ഞ് ഡല്‍ഹി ജി ബി പന്ത് ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട്

ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ സ്റ്റാഫുകള്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടുവെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ നഴ്‌സിംഗ് സൂപ്രണ്ട് പറഞ്ഞു. മോശം അര്‍ത്ഥത്തിലല്ല, ക്രിയാത്മക ഉദ്ദേശത്തോടെയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും എന്നാല്‍ സര്‍ക്കുലര്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിശദീകരണം.

ബി.ജെ.പിയോടുള്ള മൃദുസമീപനം തിരിച്ചടിയായി; ജംബോ കമ്മറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനം സ്വാഗതം ചെയുന്നു -കെ മുരളീധരന്‍

കഴിഞ്ഞ 5 വര്‍ഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കെ.മുരളീധരന്‍ എം പി. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയില്‍

പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം. ഇന്ധന വിലയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ധീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല.

രാജ്യത്ത് ഇന്നും ഒരു ലക്ഷത്തില്‍ താഴെ പ്രതിദിന കൊവിഡ് കേസുകള്‍

24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 92596 കൊവിഡ് കേസുകള്‍. രണ്ടാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2219 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ആകെ മരണ സംഖ്യ 3.5 ലക്ഷം കടന്നു.

മനുഷ്യജീവന് പണമല്ല വലുത്; ബെക്സ് കൃഷ്ണന് ജോലി നൽകും; എംഎ യൂസഫ് അലി

ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം 24 ന്യൂസിന്റെ മോർണിംഗ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതു സംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.

ഇന്ധനവില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

കൊടകര കള്ളപ്പണക്കേസ്; ധര്‍മരാജന്റെ മൊഴികളില്‍ വൈരുദ്ധ്യം; ഹര്‍ജി എതിര്‍ക്കും

കൊടകര കള്ളപ്പണകവര്‍ച്ച കേസില്‍ ധര്‍മരാജന്റെ ഹര്‍ജിയെ എതിര്‍ക്കാന്‍ അന്വേഷണ സംഘം. പൊലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here