Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (15-06-2021)

June 15, 2021
Google News 1 minute Read

കൊവിഡ് ചികിത്സ നിരക്ക് ഏകീകരണം; സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു. വില കൂടിയ മരുന്നുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും മുറികളുടെ നിരക്കിനെ കുറിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നില്ലെന്നും ആശുപത്രികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി

മുട്ടിൽ മരംമുറിക്കൽ കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ പറഞ്ഞു. എന്നാൽ കേസ് നിലനിൽക്കില്ലെന്ന് പ്രതികൾ വാദിച്ചു. തങ്ങൾക്കെതിരെ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നുവെന്നും പ്രതികൾ പറയുന്നു. തങ്ങളുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികൾ അപേക്ഷിച്ചു.

മുട്ടില്‍ മരംമുറിക്കല്‍ വിവാദം; ഇ ചന്ദ്രശേഖരനേയും കെ രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം

മുട്ടില്‍ മരംമുറി വിവാദത്തില്‍ മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനേയും കെ. രാജുവിനേയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം. ഇരുവരുടേയും ഭാഗത്തു പിഴവുകളില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും ഇന്ന് സംയുക്ത പരിശോധന നടത്തും. സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷിക്കും.

ചിന്നക്കനാല്‍ മരംമുറിക്കല്‍; ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമമെന്ന് പരാതി

ഇടുക്കി ചിന്നക്കനാലിലെ അനധികൃത മരംമുറിക്കലില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. അനുമതിയുണ്ടെന്ന വ്യാജേന 142 മരങ്ങളാണ് റവന്യൂ- വനഭൂമികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത്. മുറിച്ചു കടത്തിയ മരങ്ങള്‍ പൂര്‍ണമായും ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 60471 കൊവിഡ് കേസുകള്‍; മരണനിരക്കില്‍ കുറവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95. 60 ശതമാനമായി ഉയര്‍ന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.

അതിശക്തമായ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Story Highlights: todays news headlines june 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here