ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ നെയ്മർ ഇല്ല; ഡാനി ആൽവസ് തിരികെയെത്തി

ടോക്കിയോ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർ താരം നെയ്മർ പുറത്ത്. പിഎസ്ജിയിൽ നെയ്മറിൻ്റെ സഹതാരമായ മാർക്കിന്യോസും ടീമിൽ ഇടം നേടിയില്ല. അതേസമയം, വെറ്ററൻ പ്രതിരോധ താരം ഡാനി ആൽവസ് ടീമിലേക്ക് മടങ്ങിയെത്തി. പരുക്കേറ്റതിനെ തുടർന്ന് ആൽവസിന് കോപ്പ അമേരിക്ക നഷ്ടമായിരുന്നു.
ഒളിമ്പിക്സ് ടീമിൽ കളിക്കാമെന്ന് നെയ്മർ അറിയിച്ചിരുന്നെങ്കിലും ഇക്കൊല്ലം കോപ്പ മതിയാവുമെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ അറിയിച്ചതായി ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ടൂർണമെൻ്റുകളും കളിച്ച് അടുത്ത സീസണു മുന്നോടിയായി ക്ലബിനൊപ്പം ചേരുക എന്നത് ഏറെ ബുദ്ധിമുട്ടാവുമെന്ന് ബ്രസീൽ ഫുട്ബോൾ കോൺഫഡറേഷൻ വ്യക്തമാക്കി.
അതേസമയം, കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീൽ തകർപ്പൻ ജയം കുറിച്ചു. പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്. അലക്‌സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്.
കോപ്പ അമേരിക്ക മത്സരത്തിൽ ഇത് ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെനിസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. മാർക്കിന്യോസ്, നെയ്മർ, ഗബ്രിയേൽ ബർബോസ എന്നിവരാണ് ബ്രസീലിനായി സ്‌കോർ ഷീറ്റിൽ ഇടം നേടിയത്. ഒരു ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം നെയ്മറായിരുന്നു ബ്രസീലിന്റെ വിജയശിൽപി.
Story Highlights: Neymar To Miss Tokyo Olympics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here