01
Aug 2021
Sunday

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-07-2021)

സമരം പിൻവലിച്ച് വ്യാപാരികൾ; മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചർച്ച

നാളെ നടത്താനിരുന്ന കട തുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം; റെക്കോര്‍ഡ്

എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,21,887 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്.

പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാം: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സിനിമയ്ക്ക് മാത്രം അനുവാദമില്ല; കേരളത്തില്‍ നിന്ന് ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേക്ക്

കേരളത്തിലെ സിനിമ ഷൂട്ടിംഗ് മാറ്റി നിര്‍മാതാക്കള്‍. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം.

കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊടകര കുഴൽപ്പണ കേസിൽ മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി. പൊലീസ് ക്ലബ്ബിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യൽ ആരംഭിച്ചു കഴിഞ്ഞു. തൃശൂർ പൊലീസ് ക്ലബ്ബിൽ സുരേന്ദ്രനൊപ്പം തൃശൂർ ബിജെപി നേതാക്കളുമുണ്ട്.

24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടെന്നാണ് സൂചന.

പ്രവാസിയെ തട്ടിക്കൊണ്ടുപോയത് മോനായി ഗ്യാങ്; അഷ്‌റഫ് കൊടിസുനിയുടെ ആള്‍; ഗുണ്ടാനേതാവിന്റെ ശബ്ദരേഖ ട്വന്റിഫോറിന്

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവാസി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത് ഗുണ്ടാനേതാവ് മോനായിയും സംഘവും. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതികളാണെന്ന് വിവരം ലഭിച്ചു. കൊടുവള്ളി സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും.

കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട് കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. പതിരാപ്പറ്റ സ്വദേശികളായ അബ്ദുള്‍ ജാബിര്‍, റഹീസ്, കാവിലംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അമിത വേഗതയും ശക്തമായ മഴയുമാണ് അരപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് നടക്കുക. ഉച്ച കഴിഞ്ഞ് 1.30 ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്.

സിക പ്രതിരോധം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം കളക്ടറുമായി കൂടിക്കാഴ്ച നടത്തും

സിക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘം ഇന്ന് കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ കളക്ടറേറ്റിലാണ് യോഗം ചേരുക. സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. ഇവരെല്ലാം തിരുവനന്തപുരം നഗരപരിധിയിലെ താമസക്കാരാണ്. സിക ഉറവിട മേഖല നഗരസഭയാണോ എന്ന സംശയത്തിലേക്കാണ് ആരോഗ്യരംഗം വിരല്‍ചൂണ്ടുന്നത്.

Story Highlights: todays headlines, news round up

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top