Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 24/ 07/ 2021 )

July 24, 2021
Google News 1 minute Read
July24

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിച്ചു

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും കണ്ടെത്തല്‍. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി കണ്ടെത്തി.

കോട്ടയത്ത് കൊവിഡ് മാനദണ്ഡം പാലിക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം; അസുഖം ബാധിച്ചത് എട്ട് പേര്‍ക്ക്

കോട്ടയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിജിലന്‍സ് യോഗം. യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് എസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. വിജിലന്‍സ് ഓഫീസിലായിരുന്നു യോഗം.

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 546 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകൾ.

ആലപ്പുഴയില്‍ സഹോദരി ഭർത്താവിന്‍റെ വീടിനുള്ളിൽ മരിച്ച നിലയിൽ യുവതി; കൊലപാതകമെന്ന് സംശയം

ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സാണ് അവിവാഹിതയായ ഹരികൃഷ്ണ.

അഭിമാനമായി മീരാബായ് ചാനു; ഇന്ത്യയ്ക്ക് ആദ്യ മെഡൽ

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്.
ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെങ്കില്‍ ആരെയും അറസ്റ്റ് ചെയ്യാം; ഡല്‍ഹിയില്‍ പൊലീസിന് പ്രത്യേക അധികാരം

ഡല്‍ഹിയില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് പ്രത്യേക അധികാരം. പൊലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്കാണ് അധികാരം നല്‍കിയത്. ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് അധികാര കാലാവധി.

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശിനി ധന്യയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പംാലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.

സിനിമ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധം; ‘മിന്നൽ മുരളി’ ചിത്രീകരണം നിർത്തിച്ചു

തൊടുപുഴ, കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്.

ലോക ക്രിക്കറ്റ് തലപ്പത്തേക്ക് മലയാളി ; സുമോദ് ദാമോദറിന് ഹാട്രിക് വിജയം

ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാൡ ഇത് മൂന്നാം തവണയാണ് സുമോദ് ദാമോദർ (ബോട്ട്‌സ്വാന ക്രിക്കറ്റ് അസോസിയേഷൻ) ചീഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രശ്പാൽ ബാജ്വ (ക്രിക്കറ്റ് കാനഡ), മുബഷിർ ഉസ്മാനി (എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്) എന്നിവരാണ് സുമോദിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് പേർ.

Story Highlights: Todays Headlines July 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here