29
Sep 2021
Wednesday
Covid Updates

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (17-08-2021)

  today's headlines

  പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

  പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

  ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

  ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവർ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എൻ.ഐ.എ.യുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനോപ്പം ചേർന്ന് ഐ.എസ്. പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നുവെന്ന് എൻ.ഐ.എ. അറിയിച്ചു.

  അഫ്ഗാൻ ജയിലുകളിൽ നിന്ന് മോചിതരായവരിൽ 9 മലയാളി യുവതികളെന്ന് റിപ്പോർട്ട്

  അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖായിദ തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐ.എസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം ഒമ്പത് മലയാളികൾ ഉണ്ടെന്നാണ് വിവരം.

  പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

  പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതിയില്‍ വാദം പുനരാരംഭിച്ചു. അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം സമഗ്രമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

  ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി

  കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങി.

  രാജ്യത്തിന് ആശ്വാസം; കൊവിഡ് ബാധിതർ കുറയുന്നു

  രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 25,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. 437 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ.

  സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍

  സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്‌ഐആര്‍.

  അഫ്ഗാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി; ആദ്യ വിമാനത്തിൽ 120 പേർ

  അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി. കാബൂളിലെ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. 

  അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ

  താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിലാണ് ചർച്ച നടത്തിയത്.

  പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം

  രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു.

  കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയുണ്ടെന്ന് റൂറൽ എസ്പി

  കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹതയെന്ന് റൂറൽ എസ്പി 24നോട്. സ്വർണക്കടത്ത് സംഘത്തിൻ്റെ പകയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു

  ക്രൂര പീഡനങ്ങൾ അനുഭവിച്ചു; സ്ത്രീകൾക്ക് സുരക്ഷയില്ല; അഫ്ഗാനിൽ സമ്പൂർണ അരക്ഷിതാവസ്ഥ: അഫ്ഗാൻ അഭയാർത്ഥികൾ

  അഫ്ഗാൻ പൂർണമായും താലിബാന് നിയന്ത്രണത്തിലായതോടെ രാജ്യത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയും കൂട്ടാളികളും ഓമനിലേക്കാണ് കടന്നത്. മറ്റ്രാജ്യങ്ങളും അഫ്ഗാൻ പൗരന്മാർക്കായി അതിരിഹികൾ തുറന്നിരിക്കുകയാണ്.

  അഫ്ഗാനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിലുറച്ച് നിൽക്കുന്നു; തീരുമാനത്തിൽ കുറ്റബോധമില്ലെന്ന് ബൈഡൻ

  അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.

  ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി

  ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

  Story Highlight: today’s headlines

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top