Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-08-2021)

August 26, 2021
Google News 1 minute Read
august 26 top news

വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത (august 26 top news)

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത. പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും നീതി കിട്ടിയില്ലെന്നും ഹരിത ഭാരവാഹികൾ.ഇന്നലെ നടന്ന ചർച്ച തൃപ്തികരമല്ലെന്നും നേതാക്കൾ.

ഹരിത വിവാദം: എം.എസ്.എഫ്. നേതാക്കൾക്കെതിരെ നടപടിയില്ല; പരസ്യമായി ഖേദം അറിയിക്കും

ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കേണ്ടെന്ന് മുസ്‍ലിം ലീഗ് തീരുമാനം. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവർ സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കും. ഖേദ പ്രകടനം നവമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മുസ്ലിം ലീഗ് നേതൃത്വം നിർദേശം നൽകി.

മുട്ടിൽ മരംമുറിക്കേസ് പ്രതികളിൽ നിന്നും ഭീഷണി; പരാതി നൽകി ഡി.എഫ്.ഒ. പി. ധനേഷ് കുമാർ

മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ പരാതി നൽകി. എ.ഡി.ജി.പി. ശ്രീജിത്തിനാണ് പരാതി നൽകിയത്. മരംമുറിക്കൽ കേസ് അന്വേഷിച്ച കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരുന്നു പി. ധനേഷ് കുമാർ. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു.

എറണാകുളം നോർത്തിൽ കെട്ടിടം ചരിഞ്ഞു

എറണാകുളം നോർത്തിൽ കെട്ടിടം ചരിഞ്ഞു. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ചരിഞ്ഞത് ഒരു പഴയ കെട്ടിടമാണ്. നേരത്തെ ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി ആസ്ഥാനമായി. അതിനു ശേഷം ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്നത്.

ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു: അഫ്ഗാനിൽ നിന്ന് 200 പേർ കൂടി രാജ്യത്തേയ്‌ക്ക്

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ, നേപ്പാൾ പൗരന്മാരും ഡൽഹിയിലെത്തും. കാബൂളിൽ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സർവീസ്.

പൗരന്മാർ കാബൂൾ വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി അമേരിക്കയും ബ്രിട്ടനും

അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം.

Story Highlight: august 26 top news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here