Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (08-09-2021)

September 8, 2021
Google News 1 minute Read
Todays headines

എ ആർ നഗർ ബാങ്ക് ക്രമക്കേട് കെ ടി ജലീലിന്റെ പ്രസ്‌താവന; അതൃപ്‌തി അറിയിച്ച് സിപിഐഎം

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം. എ ആർ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തിൽ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചു.

നിപ ഭീഷണി അകലുന്നു; കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസകരമെന്ന് മന്ത്രിസഭായോഗം വിലയിരുത്തൽ

സംസ്ഥാനത്ത് നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസകരമാണ്. പ്രതിരോധ നടപടികൾ തുടരും. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത് നേട്ടമായെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍

കുവൈത്തിലേക്കുള്ള വര്‍ധിച്ച വിമാനനിരക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികള്‍. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ്; 369മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോ​ഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപ ഭീതിയിൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.

തൃശൂര്‍ ചേര്‍പ്പില്‍ ഇരട്ടക്കൊലപാതകം; മകന്റെ അടിയേറ്റ് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മകന്റെ അടിയേറ്റ അമ്മയും മരിച്ചു. ചേര്‍പ്പ് അവണിശ്ശേരിയില്‍ തങ്കമണിയാണ് മരിച്ചത്. ഭര്‍ത്താവ് രാമകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിപ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും, കൂടുതൽ പരിശോധനാഫലം ഇന്നറിയാം

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.സമ്പർക്ക പട്ടികയിലുള്ള 41 പേരുടെ പരിശോധന ഫലം ഇന്നറിയാം. അതേസമയം ഭോപ്പാലിൽ നിന്നുള്ള വിദഗ്‌ധ സംഘം നാളെ കോഴികോട്ട് എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്പിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു.

നിപ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

Story Highlight: Todays headines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here