Advertisement

രഘുവരനില്‍ നിന്ന് റിസ ബാവയിലെത്തിയ’ജോണ്‍ ഹോനായി’; അനുസ്മരിച്ച് സംവിധായകന്‍ സിദ്ദിഖ്

September 13, 2021
Google News 1 minute Read

അന്തരിച്ച നടന്‍ റിസ ബാവയെ അനുസ്മരിച്ച് സംവിധായകന്‍ സിദ്ദിഖ്. റിസ ബാവയുടെ മരണം തികച്ചും അപ്രതീക്ഷിതമാണെന്ന് സിദ്ദിഖ് പറഞ്ഞു. അദ്ദേഹം അസുഖബാധിതനായി ഗുരുതരാവസ്ഥയിലായത് അറിഞ്ഞിരുന്നില്ല. റിസ ബാവയുടെ മരണം ശരിക്കും ഞെട്ടിച്ചെന്നും സിദ്ദിഖ് ട്വന്റിഫോറിനോട് പറഞ്ഞു.

തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു റിസ ബാവ. കുറേ നാളായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും സിദ്ദിഖ് പറഞ്ഞു. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയേയും സിദ്ദിഖ് അനുസ്മരിച്ചു. ഇന്‍ഹരിഹര്‍ നഗറിനായി വില്ലന്‍ കഥാപാത്രത്തെ അന്വേഷിക്കുമ്പോള്‍ റിസ ബാവയെ പരിചയപ്പെടുത്തുന്നത് അന്‍സാര്‍ കലാഭവനാണെന്ന് സിദ്ദിഖ് ഓര്‍ത്തെടുത്തു. ജോണ്‍ ഹോനായിയായി ആദ്യം പരിഗണിച്ചിരുന്നത് രഘുവരനെയാണ്. എന്നാല്‍ മറ്റൊരു സിനിമയുടെ ഭാഗമായി വിദേശത്തായതിനാല്‍ അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് അന്‍സാറിലൂടെ ജോണ്‍ ഹോനായി റിസ ബാവയില്‍ എത്തുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.

റിസ ബാവയെ തങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം ഡോക്ടര്‍ പശുപതിയില്‍ അഭിനയിച്ച് കഴിഞ്ഞിരുന്നു. ആ ഒരു രൂപമായിരുന്നില്ല തങ്ങള്‍ക്ക് വേണ്ടിയിരുന്നത്. റിസയെ വിളിച്ച് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്നും സാധാരണ വില്ലന്‍ കഥാപാത്രം പോലെയല്ല ഇതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ റിസ പേടിച്ചു. തന്നെ കൊണ്ട് പറ്റുമോ എന്നാണ് ചോദിച്ചത്. ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണെന്നും നായകനെ പോലെ സൗമ്യനായ വില്ലനായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ റിസ അഭിനയിക്കാമെന്നായി. അദ്ദേഹത്തിന്റെ ലുക്കില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി. റിസയുമായി താനും ലാലും ഒരു പാര്‍ലറില്‍ പോയി മുടിയൊക്കെ കളര്‍ ചെയ്യിച്ചു. അത് പോരെന്ന് തോന്നിയപ്പോഴാണ് കണ്ണടയും ചെയിനുമൊക്കെ നല്‍കിയത്. അഭിനയിച്ചു തുടങ്ങിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറം റിസ നല്‍കി. അതുകൊണ്ടാണ് ഇന്‍ഹരിഹര്‍ നഗറിലെ ശ്രദ്ധേയമായ കഥാപാത്രമായി റിസ ബാവ ചെയ്ത ജോണ്‍ ഹോനായി മാറിയത്. വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് ജോണ്‍ ഹോനായി മാറി നില്‍ക്കുന്നതും ആ അഭിനയം കൊണ്ടാണെന്നും സിദ്ദിഖ് പറഞ്ഞു.

Story Highlight: siddhique lal on riza death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here