Advertisement

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഒപ്പത്തിനൊപ്പം; ആൻഫീൽഡിൽ സമനില പിടിച്ച് പെപ്പും സംഘവും

October 4, 2021
Google News 2 minutes Read
liverpool manchester city drew

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ. ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന അത്യന്തം ആവേശകരമായ പോരാട്ടമാണ് സമനിലയിൽ കലാശിച്ചത്. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് നാല് ഗോളുകളും വീണത്. (liverpool manchester city drew)

ആദ്യ പകുതി പൂർണമായും മാഞ്ചസ്റ്റർ സിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു. ഇടതു വിങ്ങിൽ ഫിൽ ഫോഡൻ ആയിരുന്നു സിറ്റി ആക്രമണങ്ങളുടെ കടിഞ്ഞാൺ പിടിച്ചത്. പക്ഷേ, എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സിറ്റിക്ക് സാധിച്ചില്ല. മധ്യനിരയിൽ നിന്ന് ഒറ്റക്ക് മുന്നേറി ബെർണാഡോ സിൽവ നൽകിയ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ ഫിൽ ഫോഡൻ പാഴാക്കിയത് ഞെട്ടലായി. ഗോൾ കീപ്പർ അലിസണിൻ്റെ മികച്ച സേവും ഇവിടെ എടുത്തുപറയണം.

Read Also : ബയേൺ, പിഎസ്ജി, റയൽ ടീമുകൾക്ക് ഞെട്ടിക്കുന്ന പരാജയം

രണ്ടാം പകുതിയിൽ ലിവർപൂൾ കളിയിലേക്ക് തിരികെവന്നു. കളത്തിലെ കളികൾക്കൊപ്പം രണ്ട് മികച്ച പരിശീലകരുടെ പോരാട്ടം കൂടിയാണ് പിന്നീട് കണ്ടത്. 59ആം മിനിട്ടിൽ സാദിയോ മാനെയിലൂടെ ലിവർപൂൾ ആണ് ആദ്യ വെടി പൊട്ടിച്ചത്. മുഹമ്മദ് സല ഗോളിലേക്കുള്ള വഴിയൊരുക്കി. കൃത്യം 10ആം മിനിട്ടിൽ സിറ്റി തിരിച്ചടിച്ചു. ഗബ്രിയേൽ ജെസൂസിൻ്റെ പാസിൽ നിന്ന് ഫിൽ ഫോഡൻ സിറ്റിക്ക് സമനില സമ്മാനിച്ചു. 76ആം മിനിട്ടിൽ ലിവർപൂൾ വീണ്ടും മുന്നിലെത്തി. ആറ് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് മുന്നേറിയ സലയുടെ മനോഹര ഗോളാണ് ലിവർപൂളിന് രണ്ടാമതും ലീഡ് സമ്മാനിച്ചത്. സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്.

സിറ്റി പിടിവിട്ടില്ല. 81ആം മിനിട്ടിൽ അവർ സമനില കണ്ടെത്തി. ഫിൽ ഫോഡൻ്റെ ലോ ക്രോസ് സ്റ്റെപ്പ് ഓവർ ചെയ്ത വാക്കറിൽ നിന്ന് പന്ത് ബോക്സിലേക്ക് കുതിച്ചെത്തുന്ന ഡി ബ്രുയ്നെയുടെ കാൽക്കലേക്ക്. ബോക്സിലേക്കുള്ള പവർഫുൾ ഷോട്ട് ലിവർപൂൾ പ്രതിരോധതാരം മാറ്റിപിൽ തട്ടി ഗതിമാറി വലയിലേക്ക്. 86 ആം മിനിട്ടിൽ ലിവർപൂളിന് കളി ജയിക്കാൻ സുവർണാവസരം ലഭിച്ചു. ഗോൾ കീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്കുള്ള ഫബീഞ്ഞോയുടെ ഷോട്ട് തകർപ്പൻ ബ്ലോക്കിലൂടെ സിറ്റി താരം റോഡ്രി രക്ഷപ്പെടുത്തുകയായിരുന്നു.

ലിവർപൂൾ 15 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 14 പോയന്റുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.

Story Highlights: liverpool manchester city drew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here