ഉത്രയെ കൊലപ്പെടുത്താൻ സൂരജിനെ സ്വാധീനിച്ചത് ഷെർലക് ഹോംസ് കഥകളും പത്മരാജന്റെ സിനിമയും

മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്നത്. പുസ്തകങ്ങളും സിനിമയും സൂരജിനെ അത്രമേൽ സ്വാധീനിച്ചു. കൊല്ലാനുറച്ച നിമിഷം സൂരജിന്റെ മനസിൽ ഓടിയെത്തിയതും അതിലെ ഓരോ രംഗങ്ങളും. കൊലപാതക രീതി വിവരിച്ചപ്പോൾ അത് കൂടുതൽ വ്യക്തമായി. വലിയ ഒരളവിൽ വിഷപാമ്പിൽ നിന്നുള്ള മരണങ്ങൾ ഉറക്കത്തിൽ കിടക്കുമ്പോൾ ഉണ്ടാകാറുണ്ടെന്നാണ് പഠനം. ആ നിലയ്ക്കാണ് സൂരജ് കരുക്കൾ നീക്കിയത്. ( uthra murder inspired from sherlock holmes )
സർ ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക്‌ഹോംസ് കഥകളിലെ ‘പുള്ളിത്തലക്കെട്ട്’ എന്ന പേരിലുള്ള കഥയുമായി സാമ്യമുള്ള കൊലപാതകരീതിയാണ് സൂരജ് പരീക്ഷിച്ചത്. സഹോദരിയുടെ മരണത്തിൽ നടത്തിയ അന്വേഷണമാണ് കഥയുടെ ഇതിവൃത്തം. വിവാഹത്തിന് പണം ചെലവഴിക്കാതിരിക്കാൻ രണ്ടാനച്ഛൻ മകളെ കൊല്ലുന്നു. അടുത്തുള്ള മുറിയിൽനിന്ന് വെന്റിലേറ്ററിന്റെ വിടവിലൂടെ ഒരു നാടയിൽ അണലിയെ പെൺകുട്ടികൾ കിടക്കുന്ന കട്ടിലിലേക്ക് ഇടുകയായിരുന്നു രണ്ടാനച്ഛനായ ഡോ.റെയ്‌ലോട്ടിന്റെ രീതി. ഹോംസിന്റെ ഇടപെടലിലൂടെ രണ്ടാമത്തെ പെൺകുട്ടി പാമ്പുകടിയിൽനിന്ന് രക്ഷപ്പെടുകയും രണ്ടാനച്ഛൻ പാമ്പിന്റെ കടിയേറ്റുമരിക്കുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു.
35 കൊല്ലം മുമ്പ് ഐ.വി ശശി പത്മരാജൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കരിമ്പിൻ പൂവിനക്കരെ എന്ന സിനിമയിലും സമാനരംഗമുണ്ട്. കരിമൂർഖനെ ഉപയോഗിച്ച് തൻറെ ജ്യേഷ്ഠൻറെ മരണത്തിന് പ്രതികാരം വീട്ടുന്നതായിരുന്നു കഥാതന്തു. 22ഫീമെയിൽ കോട്ടയത്തിൽ പ്രതാപ് പോത്തന്റെ കഥാപാത്രത്തെ കൊല്ലുന്ന രംഗവും സമാനരീതി പിന്തുടരുന്നതായിരുന്നു.
Read Also : ക്രൂരമായ കൊലപാതകം നടത്തിയതിന്റെ ഒരു കൂസലുമില്ല; ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റത് വിശദീകരിച്ച് സൂരജ്
കാലിഫോർണിയയിൽ അവസാനമായി തൂക്കിലേറ്റപ്പെട്ട കുറ്റവാളി റോബർട്ട് എസ് ജെയിംസും സമാനമായ കേസിലാണ് പിടിയിലാകുന്നത്. ഇൻഷുറൻസ് തുകയ്ക്കായി പാമ്പ് പിടുത്തക്കാരനിൽ നിന്നും നൂറു ഡോളറിന് വാടകയ്‌ക്കെടുത്ത പാമ്പുകളെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു ശിക്ഷ. ചൈനയിൽ പതിമൂന്ന് ശംഖുവരയൻ പാമ്പുകളെ വാങ്ങി അതിൽ നിന്നും വിഷം ശേഖരിച്ച് ഭാര്യയെ കുത്തിവച്ച് കൊന്നത് തെളിഞ്ഞത് ഓട്ടോപ്‌സി റിപ്പോർട്ട് പ്രകാരമുള്ള അന്വേഷണത്തിൽ നിന്ന്.
2010ൽ നാഗ്പൂരിൽ വൃദ്ധദമ്പതിമാരായ ഗണപത് റാവുവും പത്‌നി സരിത ബല്ലേവറും പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടു. തുടരന്വേഷണത്തിൽ ഇത് ഒരു അപകടമരണമായിരുന്നില്ല മറിച്ചു സ്വത്ത് തട്ടി എടുക്കാൻ വേണ്ടി സ്വന്തം മകൻ തന്നെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്നും തെളിഞ്ഞു. ഈജ്പിതിൽ 3 പെൺകുഞ്ഞുങ്ങളെ പിതാവ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയതും അന്നേ തലക്കെട്ടുകളിൽ ഇടംപിടിച്ചു.
ഇന്ത്യയിൽപാമ്പുകടി കാരണമുള്ള മരണങ്ങളിൽഅപൂർവ്വമായി മാത്രേ മനഃപൂർവ്വമായ വധശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു. മറ്റ് രീതികളിൽ കൊന്നിട്ടുള്ള കേസുകളിൽ പാമ്പ് കടി ആരോപിക്കപ്പെട്ടിട്ടുമുണ്ട്. സൂരജിന് പ്രേരണായയതും ഇത്തരത്തിലുള്ള നിരവധി ഘടകങ്ങളാണ്.
Story Highlights : uthra murder inspired from sherlock holmes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here