Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (17-10-2021)

October 17, 2021
Google News 1 minute Read
todays headlines

മഴക്കെടുതി : സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്

കൊക്കയാറില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് നാലുപേരെ

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരാണ്‍ കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്.ഇനി നാലു പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

സംസ്ഥാനത്ത് പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ

കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മിഷൻ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും ജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ് ട്വന്റിഫോറിനോട് പറഞ്ഞു.

കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കനത്ത മഴയില്‍ കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. അഞ്ച് മൃതദേഹമാണ് കൂട്ടിക്കലില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി സ്ഥിരീകരിച്ചു. പ്ലാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.

കൂട്ടിക്കലിലേക്ക് നാവികസേനാ ഹെലികോപ്റ്ററെത്തും; സർക്കാർ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തുമെന്ന് റവന്യുമന്ത്രി

കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി.

കോട്ടയം കൂട്ടിക്കൽ ഒറ്റപ്പെട്ട നിലയിൽ; നാല് വീടുകൾ തകർന്നു; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിൽ. കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ പന്ത്രണ്ട് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം; അപകടമുണ്ടായത് രാവിലെയെന്ന് നാട്ടുകാര്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം. കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളിലാണ് ഇന്ന് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും ഉരുള്‍പൊട്ടിയതും ഗതാഗതതടസം സൃഷ്ടിച്ചതോടെ വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രദേശത്തേക്ക് എത്തിച്ചേരാന്‍ കഴിയാതെ വരികയായിരുന്നു. 2018ലെ പ്രളയസമയത്തുപോലും കാണാത്ത സാഹചര്യമാണ് നിലവില്‍ കൂട്ടിക്കലിലുണ്ടായതെന്ന് പ്രദേശവാസി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights :  todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here