ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റി

മയക്കു മരുന്ന് കേസിൽ മുംബൈയിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.
സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലായിരുന്നു ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി സമർപ്പിച്ച വാട്‌സ്ആപ്പ് തെളിവുകൾ കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു.
അതിനിടെ ആര്യനെ കാണാൻ പിതാവും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തി. രാവിലെയാണ് ഷാറൂഖ് ജയിലിലെത്തിയത്. ആര്യനും ഷാറൂഖും തമ്മിലുള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു നിന്നു. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്.
Story Highlights : aryan khan bail appeal