ഇംഗ്ലണ്ടിന് തിരിച്ചടി; ജേസൻ റോയ് ലോകകപ്പിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ട് ഓപ്പണർ ജേസൻ റോയ് ലോകകപ്പിൽ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പരുക്കേറ്റ് പുറത്തായ താരത്തിനു പകരം ജെയിംസ് വിൻസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഓർഡറിൽ ജോസ് ബട്ട്‌ലർക്കൊപ്പം ഗംഭീര പ്രകടനങ്ങൾ നടത്തിയ റോയ് പുറത്തുപോകുന്നത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്. നേരത്തെ, മികച്ച ഫോമിൽ കളിച്ചിരുന്ന പേസർ തൈമൽ മിൽസും സാം കറനും പരുക്കേറ്റ് പുറത്തായിരുന്നു. (jason roy world cup)
നവംബർ 10നു നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ടിൻ്റെ എതിരാളികൾ ന്യൂസീലൻഡ് ആണ്. അബുദാബിയിലെ താരതമ്യേന ഭേദപ്പെട്ട പിച്ചിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം നടക്കും. റോയ് പുറത്തായതിനാൽ ജോണി ബെയർസ്റ്റോ ബട്ട്‌ലർക്കൊപ്പം ഇംഗ്ലണ്ട് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. മധ്യനിരയിൽ ബില്ലിങ്സ് റോയ്ക്ക് പകരം കളിക്കും. റോയ്ക്ക് പകരം വിൻസ് ടീമിലെത്തി ഓപ്പൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന ടി-20 മത്സരം കൂടിയാണ് ഇത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്‍റെ ശ്രമം.
Read Also : ന്യൂസീലൻഡിനെതിരെ ഇന്ത്യയെ രോഹിത് നയിക്കും; മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമമെന്ന് റിപ്പോർട്ട്
ഇന്നത്തെ മത്സരം പ്രസക്തമല്ലാത്ത സാഹചര്യത്തിൽ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ ഇന്ന് കളിപ്പിച്ചേക്കും. സ്പിന്നർ രാഹുൽ ചഹാറിനെ ടീമിൽ ഉൾപ്പെടുത്തും. ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. ശാസ്ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം.
സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്താനും ന്യൂസീലൻഡുമാണ് സെമിഫൈനൽ യോഗ്യത നേടിയത്. പാകിസ്താൻ അഞ്ച് മത്സരങ്ങളും വിജയിച്ചപ്പോൾ ന്യൂസീലൻഡ് നാലെണ്ണത്തിൽ വിജയം കുറിച്ചു. ഈ രണ്ട് ടീമുകൾക്കെതിരെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടത്. പാകിസ്താനെതിരെ 10 വിക്കറ്റിൻ്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ന്യുസീലൻഡിനെതിരെ 8 വിക്കറ്റിന് കീഴടങ്ങി. പിന്നീട് അഫ്ഗാനിസ്ഥാനെയും സ്കോട്ട്‌ലൻഡിനെയും ഉയർന്ന മാർജിനിൽ കീഴടക്കിയെങ്കിലും ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കാനായില്ല. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും ഇന്ത്യക്ക് 6 പോയിൻ്റേ ഉണ്ടാവൂ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് 8 പോയിൻ്റുണ്ട്.
Story Highlights : jason roy out t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here