Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(09-11-21)

November 9, 2021
Google News 1 minute Read

ജോജുവിന്റെ വാഹനം തകർത്ത കേസിൽ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പിടിയിലാകാനുള്ളവർ ഇന്ന് കീഴടങ്ങും

നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ റിമാൻഡിലായ കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജർജസ്,ജോസ് മാളിയേക്കൽ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരണമെന്ന ജോജു ജോർജിന്റെ ഹർജി കോടതി തള്ളിയിരുന്നു.

ഇന്ന് സ്വകാര്യ ബസ് സമരമില്ല; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു . ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി രാത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസം 18 നുള്ളില്‍ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സമരം പിന്‍വലിച്ചത്.

കേസുകൾ നിയമപരമായി നേരിടും, തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല: സ്വപ്ന സുരേഷിൻറെ ആദ്യ പ്രതികരണം ട്വന്റിഫോറിനോട്

തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് സ്വപ്‍ന സുരേഷ് ട്വന്റി ഫോറിനോട് പ്രതികരിച്ചു. അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല. മാധ്യമങ്ങളോട് ഉറപ്പായും സംസാരിക്കുമെന്ന് പറഞ്ഞ സ്വപ്‍ന നേതാക്കളുടെ പേരുപറയാൻ സമ്മർദ്ദമമുണ്ടായോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയംവേണമെന്ന് സ്വപ്‍ന സുരേഷ് ട്വൻറിഫോറിനോട് വ്യക്തമാക്കി.
ജയിൽ മോചിതയായതിന് ശേഷമുള്ള സ്വപ്ന സുരേഷിന്റെ ആദ്യപ്രതികരണമാണ് ട്വന്റിഫോറിനോട് നടത്തിയത്.

കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ്; ആറ് സീനിയർ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കണ്ണൂർ കാഞ്ഞിരോട് നെഹർ കോളജിലെ റാഗിങ്പരാതിയുമായി ബന്ധപ്പെട്ട് ആറ് സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് ,മലയോര മേഖലകളിൽ മഴ കനത്തേക്കും

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ

ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് യു.കെ അംഗീകാരം നൽകി. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

ടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

നാടക രംഗത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ ശാരദ, 1979ലാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രമായ അങ്കക്കുറിയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ച് ശ്രദ്ധ നേടി. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനാണ് പരിശോധന. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നീക്കം.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here