സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം

സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെയാണിത്. പതിനാല് ജില്ലകളിലെ 2481.54 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികൾ 137.41 കോടി രൂപ ചെലവിൽ ഈ കരാറിലൂടെ നടപ്പാക്കാൻ സർക്കാർ ഭരണാനുമതി നൽകി. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി. 24ഇംപാക്ട്. ( kerala road construction contract )
സംസ്ഥാനത്തെ തകർന്ന റോഡുകളുടെ ദുരിതാവസ്ഥയും ജനങ്ങളുടെ കഷ്ടപ്പാടും കഴിഞ്ഞ കുറെ ദിവസങ്ങളായി 24 റിപ്പോർട്ട് ചെയ്യുകയാണ്. വഴി കുഴി എന്ന 24 പരമ്പരയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പുതിയ സംവിധാനം കൊണ്ടുവരാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഇതിനായി ഒരു വർഷ കരാർ നൽകും. ഈ ഒരു വർഷത്തിനിടയിൽ റോഡിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കേണ്ട ബാധ്യത കരാറെടുക്കുന്ന വ്യക്തികൾക്കായിരിക്കും. തകർന്ന റോഡുകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെയാണ് ഒരു വർഷ കരാർ നൽകാൻ തീരുമാനം. ഇതിനായി റോഡ് മെയിന്റനൻസ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചു. ആകെ 121 എസ്റ്റിമേറ്റുകളിലായി 2867.5 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഒരു വർഷ കരാർ നൽകണമെന്നായിരുന്നു ശുപാർശ. ഇതിനായി 165.92 കോടി രൂപ ചെലവാകും.
Read Also : ശബരിമല റോഡുകൾ വിലയിരുത്താൻ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്
സർക്കാർ ഇതിൽ 2481.54 കിലോമീറ്റർ റോഡിൽ 137.41 കോടി രൂപ ചെലവിലുള്ള അറ്റകുറ്റപ്പണികൾ അംഗീകരിക്കുകയായിരുന്നു. നിലവിൽ പാച്ച്‌വർക്കുകൾ നടക്കുന്നതും പണികൾ നടത്താൻ അനുമതി നൽകിയതുമായ റോഡുകൾ ഒറ്റ വർഷ കരാറിൽ വരില്ല. പുതിയ തകരാറുകളോ കുഴികളോ ആണെങ്കിൽ ഒറ്റ വർഷ കരാറിൽ ഉൾപ്പെടുമെന്നും പിഡബഌുഡി സെക്രട്ടറി ആനന്ദസിംഗ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിലുള്ള ചട്ടപ്രകാരമായിരിക്കും ഈ കരാർ നൽകുക.
Story Highlights : kerala road construction contract
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here