കൂനൂർ ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകർക്ക് ആദരവുമായി കരസേന
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്ക് ആദരവുമായി കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫീസർ അ അരുൺ പങ്കെടുക്കും. മുതിർന്ന വ്യോമ കരസേന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
ഡൽഹിയിൽ നിന്നും ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് ജനറൽ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ നടുക്കി ആ ദുരന്ത വാർത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റർ ദുരന്തത്തിൽ പെട്ടെന്നും ജനറൽ ബിപിൻ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന പുറത്ത് വിട്ട ആദ്യ ഔദ്യോഗിക വിവരത്തിൽ പറഞ്ഞിരുന്നത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം തന്നെ ജനറൽ ബിപിൻ റാവത്തിന്റെയും മറ്റ് 12 പേരുടെയും വിയോഗ വാർത്ത പുറത്ത് വന്നു.
Story Highlights : coonoor helicopter crash rescuers honored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here