Advertisement

കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം… ആ ദിനങ്ങളും ഒപ്പം നഞ്ചപ്പസത്രവും…

December 14, 2021
Google News 3 minutes Read
kunnur helicopter crash

സുര്‍ജിത്ത് അയ്യപ്പത്ത്‌/ റിപ്പോര്‍ട്ടേഴ്‌സ് ഡയറി

ഡിസംബര്‍ എട്ട്… പാലക്കാട് മലമ്പുഴയില്‍ നട്ടുച്ചയ്ക്ക് മരമടി മത്സരം ഷൂട്ട് ചെയ്യുകയാണ്. ചെളിക്കണ്ടത്തില്‍ വീറ് പ്രകടമാക്കുന്ന പോരുകാളകളുടെ കുതിപ്പ് ക്യാമറാമാന്‍ രഞ്ജിത്ത്. ആര്‍. പാപ്പി പകര്‍ത്തുകയാണ്. ഉച്ചി പൊള്ളിക്കുന്ന വെയിലില്‍ ഒരു മരച്ചില്ലയുടെ ഓരം പറ്റി നിന്ന് ആ കാളപ്പൂട്ടുമത്സരം കാണുമ്പോഴാണ്, കാളപ്പോരില്‍ നിന്ന് കുനൂരിലേക്ക് പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കുനൂരില്‍ ഹെലികോപ്ടര്‍ അപകടം നടന്നുവെന്ന ഒറ്റവരിക്കുറിപ്പ് വരുന്നത്.

തമിഴ്‌നാട്ടിലാണ് കുനൂരെങ്കിലും മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെത്താന്‍ എളുപ്പം പാലക്കാട് നിന്നാണ്. ഇതിന് പിന്നാലെ ഓഫീസില്‍ നിന്ന് വിളിയെത്തി. കുനൂരിലേക്ക് പോകണം. ഇതിനിടെ എനിക്ക് മുമ്പേ മറ്റുചാനലുകളിലെ സഹപ്രവര്‍ത്തകര്‍ കുനൂരിലേക്ക് പുറപ്പെട്ടിരുന്നു. ടാക്‌സിയെത്താന്‍ വൈകിയതുമൂലം എന്റെ യാത്രയും വൈകുകയായിരുന്നു. രുള്ളവര്‍ പുറപ്പെട്ട ശേഷം ഒരു മണിക്കൂറോളം വൈകിയാണ് ഞാന്‍ കുനൂരിലേക്ക് പുറപ്പെടുന്നത്. രതീഷ് യാക്കരയുടെ കാറില്‍ യാത്ര തുടങ്ങി. എനിക്കൊപ്പം ക്യാമറാമാന്‍
രഞ്ജിത്ത് ആര്‍.പാപ്പിയും ഡ്രൈവറായ ഷിനില്‍ കഞ്ചിക്കോടുമുണ്ടായിരുന്നു.

വാര്‍ത്തകളില്‍ മാധ്യമപ്രവര്‍ത്തകന്റെ കയ്യൊപ്പ്

ആറരയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. സംയുക്ത സേനാമേധാവി വിപിന്‍ റാവത്ത്, ഭാര്യ മധുലിക എന്നിവരടക്കം പതിമൂന്ന് പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ പൊന്നൂക്കരക്കാരനായ പ്രദീപിന്റെ മരണവും അപകടത്തിലുണ്ടായെന്ന സ്ഥിരീകരണവും പിന്നീടുവന്നു. അപകടസ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ താഴെ കാട്ടേരിയെന്ന പ്രദേശത്താണ് എല്ലാവരും തത്സമയം വിവരങ്ങള്‍ നല്‍കിയിരുന്നത്.

ഇതിനിടയില്‍ എന്റെ സഹപ്രവര്‍ത്തകനായ നിഖില്‍ പ്രമേഷും ക്യാമറാമാന്‍ സഞ്ജുവുമടക്കം വില്ലിംഗ്ടണ്‍ ആര്‍മി കണ്ടോണ്‍മെന്റിലെത്തിയിരുന്നു. രണ്ടിടങ്ങളില്‍ നിന്നായി ഞങ്ങളും പ്രേക്ഷകരിലേക്ക് തത്സമയം വാര്‍ത്തയെത്തിച്ചു. എട്ട് മണിയോടെ പലരും പലവഴിയായി പിരിഞ്ഞു. എങ്ങിനെയെങ്കിലും അപകടസ്ഥലത്തെത്തുക അവിടെ നിന്നും തത്സമയം വാര്‍ത്തയെത്തിക്കുക ആ ലക്ഷ്യമായിരുന്നു എനിക്ക്. വൈകിയ വേളയിലെത്തിയതിന്റെ കുറവ് മറികടക്കാന്‍ വാര്‍ത്തയില്‍ സ്വന്തമായൊരു കയ്യൊപ്പുണ്ടാക്കാന്‍ അത് വേണമെന്ന തോന്നല്‍ മറ്റ് മാധ്യമപ്രവര്‍ത്തകരെ പോലെ എനിക്കുമുണ്ടായിരുന്നു.

കുനൂരിലെ തണുപ്പില്‍ ‘വാര്‍ത്താമഴ’യ്‌ക്കൊപ്പം

നഞ്ചപ്പസത്രത്തിലേക്കുള്ള രാത്രി നടത്തം

ഞാനും മറ്റു ചാനലിന്റെ പ്രതിനിധികളും കൂടി നടത്തമാരംഭിച്ചു. കനത്ത പൊലീസ്-സൈനിക സാന്നിധ്യത്തിലായിരുന്നു ഇതിനിടെ നഞ്ചപ്പസത്രമെന്ന ഗ്രാമം. ഇരുള് മുറിച്ച് ഞങ്ങള്‍ മുകളിലേക്ക് നടത്തം തുടര്‍ന്നു. പലയിടത്തും പൊലീസ് വഴി തടഞ്ഞു. ഒടുവില്‍ ഗ്രാമത്തിന്റെ താഴെ വരെ എത്താനായി. അവിടെ നിന്നും മുകളിലേക്ക് അഞ്ച് മിനിറ്റിന്റെ നടത്തം മാത്രം. മലയാളി ഓഫീസറായിരുന്നു താഴെയുണ്ടായിരുന്നത്.

ആദ്യം വിമുഖത പ്രകടിപ്പിച്ചുവെങ്കിലും തുടരെ തുടരെയുള്ള അഭ്യര്‍ത്ഥന പ്രകാരം ഗ്രാമദൃശ്യം പകര്‍ത്താനും അവിടെ നിന്നുള്ള പ്രതികരണമെടുക്കാനും അദ്ദേഹം അനുവദിച്ചു. ആ അനുവാദത്തോടെ മുകളിലേക്ക് നടന്നുകയറി. അപകടം നടന്ന ഇടത്തിന്റെ ഏതാണ്ട് കാല്‍ കിലോമീറ്റര്‍ തൊട്ടടുത്തെത്തുമ്പോള്‍ സൈനികര്‍ തടഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ട തോട്ടംതൊഴിലാളിയായ ദാസന്‍ അദ്ദേഹത്തിന്റെ വീടിന് മുകളില്‍ കയറി നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊള്ളാന്‍ അനുവാദം നല്‍കി. ദാസന്‍ മൂന്നാറുകാരനാണ്. യുവത്വം പ്രസരിച്ചിരുന്ന കാലത്ത് തൊഴില്‍ തേടി തമിഴ്‌നാട്ടിലെത്തിയതാണ്. ഇന്ന് കുനൂരിലെ തോട്ടത്തില്‍ കുടുംബമായി കഴിയുന്നു. വീടിന് മുകളില്‍ കയറി നിന്ന് തത്സമയം വിവരങ്ങള്‍ നല്‍കി. അങ്ങനെ ട്വന്റി ഫോറിന്റെ സ്‌ക്രീനിലൂടെ അപകട സ്ഥലത്തിന്റെ ഏറ്റവുമടുത്തുള്ള ദൃശ്യങ്ങള്‍ പ്രേക്ഷകരിലെത്തിച്ച രണ്ട് മണിക്കൂര്‍ വാര്‍ത്ത. ഇതിനിടെ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും എളുപ്പമെത്താവുന്ന വഴികളും ദാസേട്ടനില്‍ നിന്ന് മനസിലാക്കിയിരുന്നു.

വഴികാട്ടിയായ ദാസന്‍

കണ്ടെടുത്ത ബ്ലാക്ക് ബോക്‌സ്

അപകടപ്പിറ്റേന്ന് രാവിലെ ആറ് മണിക്ക് വഴികള്‍ അപരിചിതമായ കുനൂരില്‍ ദാസേട്ടന്‍ പറഞ്ഞ ഇടങ്ങളിലൂടെ കറങ്ങി അപകടസ്ഥലത്തിന് മുകളില്‍ എത്തി. തേയിലതോട്ടങ്ങള്‍ക്കിടയില്‍ മനോഹരമായ നഞ്ചപ്പസത്രം എന്ന ഗ്രാമം. അറുപതോളം കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ കഴിയുന്നത്. എല്ലാവരും തോട്ടംമേഖലയെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്നവര്‍. ഇവിടെയെത്തി പതിറ്റാണ്ടുകളായിട്ടും പട്ടയമില്ലാത്തവര്‍. ആ ഗ്രാമത്തിലെ അവസാന വീടിന് തൊട്ടടുത്താണ് ഹെലികോപ്റ്റര്‍ നിലംപൊത്തിയത്.

രാവിലെ തന്നെ തത്സമയം കുനൂരില്‍ നിന്ന് വാര്‍ത്തകളൊഴുകിത്തുടങ്ങി. മാധ്യമപ്രവര്‍ത്തനത്തിലെ വേറിട്ട കയ്യൊപ്പ് വീണ്ടുമാവര്‍ത്തിച്ചത് ബ്ലാക്ക് ബോക്‌സിന്റെ രൂപത്തിലാണ്. തത്സമയ വാര്‍ത്തകള്‍ നല്‍കുന്നതിനിടയിലാണ് ഓറഞ്ച് നിറമുള്ള പെട്ടി ക്യാമറാമാന്‍ രഞ്ജിത് പകര്‍ത്തുന്നത്. അത് ബ്ലാക്ക്
ബോക്‌സ് എന്ന സ്ഥിരീകരണത്തിന് വ്യോമസേനയില്‍ സുഹൃത്തുക്കളെ വിളിച്ചു. ഒടുവില്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആ വാര്‍ത്ത ബ്രേക്ക് ചെയ്യുന്നത്. ബ്ലാക് ബോക്‌സ് കണ്ടെടുക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ട്വന്റിഫോറിന് എന്ന ടെക്സ്റ്റ് ടിവി സ്‌ക്രീനുകളില്‍ പടര്‍ന്നു.

പാതി വെന്ത ശരീരങ്ങള്‍, തീവ്രമായ രക്ഷാപ്രവര്‍ത്തനം

ഇതിനിടെ അപകടം നേരിട്ട് കണ്ടവരിലേക്കും രക്ഷാപ്രവര്‍ത്തകരായവരിലേക്കും മൈക്കുകള്‍ നീണ്ടു. ദാസേട്ടനെ പോലെ മുബാറക്കും ഷെഹ്‌സാദിയും ശിവകുമാറുമെല്ലാം മൈക്കിന് മുന്നില്‍ പറഞ്ഞ അപകടക്കാഴ്ചകള്‍ നെഞ്ചുപിളര്‍ക്കുന്നവയായിരുന്നു. അപകടശേഷം രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ പാതിവെന്ത ശരീരങ്ങള്‍ മണ്ണില്‍ നിന്നുയര്‍ന്ന് പൊങ്ങി രക്ഷയ്ക്ക് യാചിക്കുന്നതാണ്.

പാതിയുരുകിയ ഇരുമെയ്യുകള്‍ ഒട്ടിച്ചേര്‍ന്ന് അമര്‍ന്ന് കിടക്കുന്ന കാഴ്ചകള്‍. ശരീരങ്ങളെ വാരിയെടുത്ത് ആരോ എറിഞ്ഞുകൊടുത്ത പുതപ്പില്‍ കിടത്തി മലയില്‍ നിന്ന് താഴേക്ക് പായുമ്പോള്‍ പിടയുന്ന ജീവന്റെ അവസാന മിടിപ്പുകള്‍ ചെവികളില്‍ ഇപ്പോഴും ഇരമ്പുന്നുണ്ട് ഇന്നാട്ടുകാര്‍ക്ക്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ശിവകുമാറിന് അറിയില്ലായിരുന്നു മുഖത്തിന് അപകടമില്ലാത്ത മനുഷ്യന്‍ ബിപിന്‍ റാവത്ത് ആയിരുന്നെന്ന്.

അദ്ദേഹം പതറാത്ത ശബ്ദത്തില്‍ സേനാതലവനെന്ന് പറഞ്ഞു. വെള്ളം ചോദിച്ചു. അത് നല്‍കാന്‍ കഴിയാത്തതിന്റെ ദുഃഖം പേറിയാണ് ശിവകുമാര്‍ നഞ്ചപ്പസത്രത്തില്‍
ഇപ്പോഴും അലയുന്നത്. ഇത്രവലിയ മനുഷ്യനാണ് തന്റെ മുമ്പിലൂടെ കടന്നുപോയതെന്ന് വാര്‍ത്തകളിലൂടെ മാത്രമാണ് അറിയാനായതെന്ന് ശിവകുമാര്‍ പറയുന്നുണ്ട്. ബിപിന്‍ റാവത്തിനെ കൂടാതെ മറ്റൊരാളുടേയും മുഖം വ്യക്തമായിരുന്നു. ബാക്കിയെല്ലാവരുടെയും ശരീരം പാതിയിലധികം വെന്തുപോയിരുന്നു.

ഇതിനിടെ അപകടത്തിന് തൊട്ടുമുമ്പേ പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്ന നിലയില്‍ 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മനേഷ് മൂര്‍ത്തി ചെന്നൈയില്‍ നിന്ന് ബ്രേക്ക് ചെയ്തു. അത് മേട്ടുപാളയത്ത് നിന്ന് കുനൂരിലൂടെ ഊട്ടിയിലേക്ക് നീളുന്ന പൈതൃക റെയില്‍വേ ട്രാക്കെന്നും കാട്ടേരിക്ക് തൊട്ടുതാഴെ ഏതാനും വളവ് കഴിഞ്ഞാല്‍ ആ ട്രാക്ക് കാണാമെന്നും നാട്ടുകാര്‍ പറഞ്ഞറിഞ്ഞു. അപകടസ്ഥലത്തേക്ക് വ്യോമസേനാ തലവന്‍ വിവേക് റാം ചൌധരിയടക്കമുള്ളവരെത്തി പരിശോധന നടത്തി
മടങ്ങുന്നത് കാണാമായിരുന്നു. അപകടസ്ഥലത്തെ മരങ്ങള്‍ വെട്ടിമാറ്റിയതോടെ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു. ചീന്തിപ്പോയ പങ്കയുടെ(മെയിന്‍ റോട്ടര്‍) ഒരു ഭാഗവുംകരിഞ്ഞുപോയ മറ്റ് രണ്ടു പങ്കകളും ദൃശ്യങ്ങളില്‍ പ്രകടമായിരുന്നു.

ഇതിനിടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഒന്നൊന്നായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്ന വിവരങ്ങള്‍ വില്ലിംഗ് ടണില്‍ നിന്ന് നിഖില്‍ പ്രമേഷ് നല്‍കിക്കൊണ്ടിരുന്നു. 24 മലബാര്‍ റീജിയണല്‍ മേധാവി ദീപക് ഏട്ടന്‍ (ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടം) വിവരങ്ങള്‍ തുടരെ ലഭ്യമാക്കിക്കൊണ്ടിരുന്നു. നാഷണല്‍ മീഡിയയില്‍ വരെ വലിയ വാര്‍ത്തകളായ നിരവധി ബ്രേക്കുകള്‍ 24ടീമിന് ചെയ്യാന്‍ സാധിച്ചു. സത്യത്തില്‍ വര്‍ത്താ സോഴ്‌സ്‌കളുടെ ശക്തി ഇത്ര വലുതാണ് എന്നു തിരിച്ചറിഞ്ഞ മണിക്കൂറുകളും ദിവസങ്ങളുമായിരുന്നു പിന്നിട്ടത്.

തിരിച്ചറിഞ്ഞത് നാല് മൃതദേഹങ്ങളെന്നുള്ള വാര്‍ത്തയും ട്വന്റി ഫോറാണ് ബ്രേക്ക് ചെയ്തത്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എസ്എല്‍ ലിഡ്ഡര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍ എന്നിവരുടെമൃതദേഹമാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധനാവിവരങ്ങളും ട്വന്റി ഫോറിന് പുറത്തുവിടാനായി.

കുനൂരിലെ റെയില്‍വേ ട്രാക്ക്

അപകടത്തിന്റെ രണ്ടാംദിവസമാണ് അന്വേഷണം തുടങ്ങുന്നത്. ചുമതല നല്‍കിയത് എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിനെന്ന പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നുമുണ്ടായി. മലയാള മാധ്യമങ്ങളിലെ സഹപ്രവര്‍ത്തകര്‍ അപ്പോഴും കുനൂരില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. മാനവേന്ദ്രസിംഗും സംഘവും അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ റെയില്‍വേ ട്രാക്കിലേക്ക് പരിശോധനയ്‌ക്കെത്തുന്ന വാര്‍ത്ത ബ്രേക്ക് നല്‍കിയതും ദൃശ്യങ്ങള്‍ നല്‍കിയതും മലയാള മാധ്യമങ്ങളാണ്. ദേശീയ ചാനലുകളുടെ
പട തന്നെ ഉണ്ടായിട്ടും മറ്റാര്‍ക്കും ആ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ കിട്ടിയില്ല. ഇതോടെ ദൃശ്യങ്ങളുടെ വാസ്തവം ശരി വയ്ക്കാനായി. പിന്നീട് ദൃശ്യങ്ങളെടുത്ത രാമനാഥ പുരം സ്വദേശികളായ ജോയുടേയും നാസറിന്റെയും പ്രതികരണങ്ങള്‍ നല്‍കിയതും മലയാളം ചാനലുകള്‍ മാത്രമാണ്.

നഞ്ചപ്പസത്രം ഗ്രാമത്തിലൂടെ

നഞ്ചപ്പസത്രത്തിലൂടെ പലകുറി നടന്നു. അവിടുത്തെ ചില മനുഷ്യരെങ്കിലും കണ്ടാല്‍ തിരിച്ചറിയുന്ന വിധത്തിലേക്ക് പരിചയം പടര്‍ന്നു. കേരളത്തിലെ തോട്ടം മേഖലയില്‍ നിന്ന് വിഭിന്നമൊന്നുമല്ല തമിഴ്‌നാടന്‍ തോട്ടങ്ങളും. ലയങ്ങളില്‍ ജീവിതം പുലര്‍ത്തുന്നവരില്‍ ചിലരെങ്കിലും അഭ്യസ്ത വിദ്യരാണ്. എഞ്ചിനീയറിംഗിന് കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി പങ്കുവച്ചത് പട്ടയത്തിന്റെ പ്രശ്‌നങ്ങളായിരുന്നു. അവന്‍ തോട്ടത്തില്‍ ജോലിയെടുത്താണ് പഠിക്കാന്‍ പോകുന്നത്. അവനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. നാട്ടുകാരെ ആദരിച്ച ഘട്ടത്തില്‍ ജില്ലാ കലക്ടര്‍ എസ്.പി. അമൃതിന് മുമ്പാകെ പട്ടയപ്രശ്‌നം ഇവര്‍ രേഖാമൂലം ഉന്നയിച്ചിട്ടുണ്ട്.

‘വാര്‍ത്താ മഴ’ ആദ്യ എപ്പിസോഡും ദൈവത്തിന്റെ കല്ലും

രാത്രി 8 മണിക്കുള്ള ട്വന്റി ഫോര്‍ ‘വാര്‍ത്താമഴ’ ആദ്യ എപ്പിസോഡ് നഞ്ചപ്പസത്രത്തിന് മുകളിലെ തേയിലത്തോട്ടത്തില്‍ നിന്ന് ലൈവ് നല്‍കാനുറച്ചാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. താഴേക്ക് കാര്‍ ഇറക്കുമ്പോള്‍ കടുത്ത മൂടല്‍ മഞ്ഞും മഴയുമാണ് വരവേല്‍പായതും. പ്രവചനാതീതമായ കാലാവസ്ഥയാണ് നഞ്ചപ്പസത്രത്തിലേത്. നട്ടുച്ചയ്ക്ക് പോലും പരസ്പരം കാണാനാകാത്ത വിധം മഞ്ഞുമൂടും. അത്തരമൊരു മഞ്ഞു മൂടലിന്റെ തുടര്‍ച്ചയാകാം ഹെലികോപ്റ്റര്‍ അപകടമെന്ന് ഞാന്‍ കരുതുന്നു.

കനത്ത മഴയും കാറ്റുമെല്ലാം ഗാംഭീര്യത്തോടെ പോകേണ്ട തത്സമയ സംപ്രേഷണത്തിന് തടസമായി. സിഗ്‌നല്‍ തകരാറുമൂലം സംപ്രേഷണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒരു തുള്ളി വെളിച്ചം പോലും ശേഷിക്കാത്ത വിധം മൂടല്‍മഞ്ഞ് പൊതിഞ്ഞ രാത്രി എന്നെ ഞെട്ടിച്ചു. പ്രദേശത്തെ വനത്തില്‍ അഞ്ച് ആനകള്‍ ഇറങ്ങിയിട്ടുണ്ടെന്നും പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും മഴയുടെ കനത്ത ശബ്ദത്തെ ഭേദിച്ച് ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു. ഡ്രൈവര്‍ രതീഷ് പതുക്കെ കാര്‍ മുകളിലേക്കെടുത്തു. ഞങ്ങള്‍ മൂന്ന് പേരും പിറകെ നടക്കുകയായിരുന്നു. കോണ്‍ക്രീറ്റ് റോഡിന്റെ അരിക് ഉയര്‍ന്ന് നില്‍പ്പുണ്ട്. ഒരു കാറിന് പോകാവുന്ന വീതി മാത്രമുണ്ട്. ചക്രം തെറ്റിയാല്‍ എഡ്ജിലേക്ക് താഴും. അതൊഴിവാക്കാന്‍ കാറിന്റെ വലത്തെ അരികില്‍ ഷിനിലും ഇടത്തായി ഞാനും പറകില്‍ പാപ്പിയും നടന്നു. മഴയും മഞ്ഞും കാഴ്ചകളെ മറച്ചിരുന്നു.

നടത്തത്തിനിടയില്‍ ആക്രമിക്കാനെത്തുന്ന കൊമ്പന്റെ ചിത്രമായിരുന്നു മനസില്‍. എവിടെയോ നോട്ടം പിഴച്ചതോടെ അത് സംഭവിച്ചു. കാറിന്റെ മുന്‍ ചക്രം റോഡിന്റെ എഡ്ജില്‍ കുരുങ്ങി ; കാര്‍ മുന്നോട്ടെടുക്കാന്‍ ആകാത്ത വിധം.. റിവേഴ്‌സ് എടുക്കാന്‍ പലകുറി ശ്രമിച്ചു. ചക്രം വെറുതെ തിരിഞ്ഞു തോറ്റു. ഭയം ഉലച്ചു തുടങ്ങിയ നിമിഷമായിരുന്നു അത്. ഒരു കല്ല് പോലും കിട്ടാത്തയിടത്ത് തൊട്ടു താഴെ നിന്നും പരന്ന കല്ല് പാപ്പി കണ്ടെത്തിക്കൊണ്ടുവന്നു. അത് ചക്രത്തോട് ചേര്‍ത്തു വച്ച് കാര്‍ പിന്നോട്ടെടുത്തു.

24 വാര്‍ത്താസംഘം

ആരുടെയൊക്കയോ ഭാഗ്യം കൊണ്ട് കാര്‍ റോഡിലേക്ക് കയറി. ഞങ്ങള്‍ എന്നിട്ടും കാറിന് ചുറ്റുമായി നടത്തം തുടര്‍ന്നു. തണുത്തുറഞ്ഞ രാത്രിയില്‍ നെഞ്ചില്‍ നെരിപ്പോട് പുകഞ്ഞ സന്ദര്‍ഭമായിരുന്നു അത്. കുനൂര്‍ നഗരത്തില്‍ പോലും വാഹനങ്ങളില്‍ പലതും മൂടല്‍മഞ്ഞ് മൂലം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.കാട്ടേരിയില്‍
നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മൂടല്‍മഞ്ഞിനെ ഭേദിച്ചുള്ള യാത്രക്കിടെ കണ്ടത് നടുറോഡില്‍
കാട്ടുപോത്തിന്റെ ഗാംഭീര്യമുള്ള നില്‍പ്പായിരുന്നു. ഒടുവില്‍ ഹോട്ടലിലെത്തുമ്പോഴാണ് മറ്റു ചാനലിലെ സഹപ്രവര്‍ത്തകര്‍ക്കും ശ്വാസം നേരെ വീണത്.

കേരളത്തില്‍ നിന്നുള്ള മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം

നഞ്ചപ്പ സത്രത്തിന് സേനയുടെ ആദരം

മറ്റുചാനലുകള്‍ കുനൂര്‍ വിട്ടിട്ടും ഞാനും സഹപ്രവര്‍ത്തകരും തുടരുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട തുടര്‍വിവരങ്ങളെല്ലാം വാര്‍ത്തയായി നല്‍കി. അപകടത്തിന്റെ അഞ്ചാം നാള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കരസേന നല്‍കുന്ന ആദരം കൂടി പകര്‍ത്തി ചുരമിറങ്ങുക എന്നതായിരുന്നു ലക്ഷ്യം.
വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റിലും നഞ്ചപ്പ സത്രത്തിലുമായിരുന്നു പരിപാടികള്‍. പരിപാടി പകര്‍ത്താനുള്ള അനുമതി മുന്‍കൂട്ടി വാങ്ങി മദ്രാസ് റെജിമെന്റ് ആസ്ഥാനത്തേക്ക് തിരിച്ചു. ജില്ലാകലക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സേനാവിഭാഗങ്ങള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ക്കായിരുന്നു മദ്രാസ് റെജിമെന്റില്‍
ആദരിച്ചത്.

കരസേന ദക്ഷിൺ ഭാരത് ഗ്രൂപ്പ് ഓഫീസേഴ്സ് കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ എ അരുണിനൊപ്പം 24 ടീം

കരസേന ദക്ഷിണഭാരതത്തിന്റെ ചുമതലയുള്ള ലെഫ്റ്റനന്റ് ജനറല്‍ എ അരുണ്‍കുമാറായിരുന്നു വിശിഷ്ടാതിഥി. എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച അദ്ദേഹം, അപകടഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനത്തിലെ കൂട്ടായ്മയെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അദ്ദേഹത്തെ പരിചയപ്പെടാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും കഴിഞ്ഞു. പിന്നീട് നഞ്ചപ്പ സത്രത്തിലെ പരിപാടി കവര്‍ ചെയ്യാനായി പോയി, വേദിയും സദസും എന്ന നിലയില്‍ നിന്ന് മാറി നാട്ടുകാരോട് സംവദിക്കുന്ന രീതിയിലായിരുന്നു പരിപാടി. ലഫ്റ്റനന്റ് ജനറല്‍ എ അരുണ്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അടുത്ത ഡിസംബര്‍ എട്ടുവരെ നഞ്ചപ്പസത്രം ഗ്രാമവാസികള്‍ക്ക് വെല്ലിംഗ്ടണ്‍ ആര്‍മി ആശുപത്രിയില്‍ വൈദ്യപരിശോധന സൌജന്യമാക്കിയതായും ഓരോ മാസവും ആര്‍മി ആശുപത്രിയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ എ അരുണ്‍ അവിടെ വച്ച് നടത്തി. മരിച്ചവരുടെ ഓര്‍മ്മകള്‍ക്കായി സ്മാരകം നിര്‍മിക്കണമെന്നും പട്ടയപ്രശ്‌നത്തില്‍ ഇടപെടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നതും കണ്ടു. ഗ്രാമത്തില്‍ സേന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ്
ലഭ്യമായ വിവരം.

അപകടം സംബന്ധിച്ച ഒരു പാട് ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ച ശേഷം താഴേക്ക് പതിക്കുകയായിരുന്നോ, താഴെ വീണ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നോ എന്നതടക്കം തെളിയേണ്ടതുണ്ട്. അട്ടിമറി ശ്രമങ്ങള്‍ അടക്കമുള്ള ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണംആ വിധത്തില്‍ നടക്കുകയാണ്. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ പരിശോധന സംയുക്ത സേനാ സംഘത്തിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. കണ്ടെടുത്ത ഡാറ്റാ റെക്കോര്‍ഡറിന്റെ ഫലം കൂടി ലഭ്യമാകുന്നതോടെ അപകടം സംബന്ധിച്ച കൃത്യമായ ചിത്രം രാജ്യത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്.

1943ല്‍ ജനിച്ച നഞ്ചപ്പസത്രത്തിലെ ‘താത്ത’

സഹോദരി എന്നര്‍ത്ഥമുള്ള താത്തയല്ല, തമിഴില്‍ പ്രായമേറിയ ആളെന്ന നിലയിലുള്ള പ്രയോഗമാണ് ‘താത്ത’.
ഈ താത്തയുടെ പേര് രംഗസ്വാമി എന്നാണ്. നഞ്ചപ്പസത്രത്തിലെ ഒരു മനുഷ്യന്‍. കട്ടിക്കണ്ണട വച്ച ആ മനുഷ്യനെ ഞാന്‍ ശ്രദ്ധിക്കുന്നത് ജില്ലാ ഭരണകൂടം നല്‍കിയ കമ്പിളിയുമായി താഴ് വരയില്‍ നിന്ന് വീട്ടിലേക്ക് നീളുന്ന പടി വേച്ചു വേച്ചു നടക്കുമ്പോഴാണ്. താരതമ്യേന പ്രായം കുറഞ്ഞ എനിക്കും 77 പിന്നിട്ട ആ മനുഷ്യനും തമ്മിലുള്ള കിതപ്പുകള്‍ക്കിടയിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്.

താത്തയ്‌ക്കൊപ്പം നഞ്ചപ്പസത്രത്തില്‍

ക്യാമറാമാന്‍ പാപ്പി അവന്റെ സിനിമാന്വേഷണ കഥപോലെ ചിലത് പറഞ്ഞു ‘നഞ്ചപ്പസത്രമെന്നത് ലൂപ്പാണ്, നമ്മള്‍ ഇവിടെ തുടരേണ്ടി വരും. താത്ത ഏവരെയും നിശബ്ദരാക്കുന്ന ചുരുളിയിലെ കഥാപാത്രമാണ്’ … താത്തയെന്ന് രംഗസ്വാമിയെ വിളിച്ചതും പാപ്പിയാണ്.

പാലക്കാട്ടേയ്ക്ക് മടങ്ങാന്‍ എല്ലാ ദിവസവും റൂം വെക്കേറ്റ് ചെയ്യുകയും, വീണ്ടും അതേ നിലയില്‍ അതേമുറിയില്‍ ഇവിടെ തുടരേണ്ടി വരികയും ചെയ്യുന്നത് ആവര്‍ത്തിക്കുകയായിരുന്നു. ശരിക്കുമൊരു ലൂപ്പ് തന്നെ. ‘താത്ത’യെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്.

പ്രായം തളര്‍ത്താത്ത പോരാളിയായി താത്ത ജീവിത കഥ പറഞ്ഞു തുടങ്ങി. പേര് രംഗസ്വാമി, 1943 ലാണ് ജനനം. ജനന തീയതി അറിയില്ല. തിരുച്ചിറാപ്പള്ളിയാണ് നാട്. ഭാര്യ മരിച്ചു. മകന്‍ വടിവേലിനൊപ്പമാണ് താമസം. ആയ കാലത്ത് തോട്ടം തൊഴിലാളിയായിരുന്നു. മകന്‍ കൂലിവേല ചെയ്യുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കാനുള്ള പ്രാപ്തിയുണ്ട്. അപകട സമയത്ത് കുനൂരിലായിരുന്നു. നിലത്തെറിഞ്ഞാല്‍ പൊട്ടാത്ത ഫോണാണ് കയ്യിലുള്ളത്.

അപകടവിവരം ആരോ വിളിച്ചു പറഞ്ഞു. കുനൂര്‍ നഗരത്തില്‍ നിന്ന് വേച്ചു വേച്ചുള്ള നടത്തത്തിനിടെ ഒരാള്‍ ബൈക്കില്‍ കയറ്റി. നഞ്ചപ്പസത്രത്തിലെത്തുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. ആരോ വന്ന് പുതപ്പ് ചോദിച്ചു. മറുചോദ്യത്തിന് നിക്കാതെ എടുത്തു നല്‍കി. പിന്നെ ആ പുതപ്പിലേറിപ്പോകുന്ന പാതി കരിഞ്ഞ ദേഹങ്ങളാണ് കണ്ടത്. നഞ്ചപ്പസത്രത്തിലെന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ ശീലങ്ങളിലില്ലാത്തത്. താത്ത ആ ദിവസം ഓര്‍ത്തെടുക്കുകയാണ്.

നഞ്ചപ്പസത്രത്തില്‍ നിന്ന് കുനൂര്‍ നഗരത്തിലേക്ക് 4 കിലോമീറ്റര്‍ നടക്കുന്ന രംഗസ്വാമിക്ക് ഞങ്ങള്‍ പല തവണ കാറില്‍ ലിഫ്റ്റ് നല്‍കി. കുറേയേറെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങള്‍ക്ക് പലപ്പോഴും ദൈര്‍ഘ്യം കുറവും വ്യക്തതയില്ലാത്ത മറുപടിയായിരുന്നു. ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് സഹായഹസ്തം നീട്ടിയ ഗ്രാമത്തിന്റെ ആവശ്യമെന്താണെന്ന ചോദ്യത്തിന് പട്ടയം എന്ന ഉത്തരമാണ് താത്ത തന്നത്. ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ വന്ന സമയത്ത് ആള്‍ക്കൂട്ടത്തില്‍ താത്തയെ തെരഞ്ഞു. ഞാന്‍ കണ്ടില്ല; താത്തയ്ക്ക് ഒരു പുതപ്പ് മതിയാകുമായിരിക്കും. അത് ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ കുനൂരിലേക്കുള്ള
നാല് കിലോമീറ്റര്‍ നടത്തത്തിലായിരിക്കും താത്ത.

(താത്ത എന്ന രംഗസ്വാമി ഒരു വിഷ്വല്‍ സ്റ്റോറിയായിരുന്നു. അതിനായുള്ള ഫൂട്ടേജുകള്‍ പാപ്പി പകര്‍ത്തിയതുമായിരുന്നു. എന്റെ ജാഗ്രതക്കുറവിനാല്‍ മാഞ്ഞു പോയ ആ ഫൂട്ടേജുകളെ ഓര്‍ത്ത് ഈ കുറിപ്പെഴുതുന്ന തണുത്തുറഞ്ഞ രാത്രിയില്‍ ഞാന്‍ സ്വയം പരിതപിക്കുന്നുണ്ട്. വീണ്ടുമെടുത്താലും തിരികെ കിട്ടാത്ത ചില നഷ്ടങ്ങളില്‍ ആ ഫൂട്ടേജുകളും ചേര്‍ത്തു വയ്ക്കുന്നു)

അതിജീവിക്കുന്ന വരുണ്‍ സിംഗ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍ ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ്.
ധീരതയ്ക്കുള്ള ശൌര്യചക്ര പുരസ്‌കാരം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നേടിയ സൈനികന്‍.
2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെ നേരിട്ട് ദുരന്തമൊഴിവാക്കിയതിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. അതേ മനോധൈര്യം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചിലരോട് ഇതിനകം സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അസാമാന്യ ധൈര്യം പ്രകടിപ്പിക്കുന്ന സൈനികനാണ്
വരുണ്‍സിംഗെന്ന് അവരും വ്യക്തമാക്കുന്നു.

കുനൂരില്‍ നിന്നുള്ള ചുരം സമതലങ്ങളിലൂടെ പാലക്കാട്ടേക്ക് നീളുകയാണ്. അവിടെ കാത്തിരിക്കുന്ന വാര്‍ത്തകളിലേക്കാണ് കണ്ണുംനട്ടിരിക്കുന്നത്. ഇതിനിടയില്‍ അപകടകാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന സംയുക്ത സേനാ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നേക്കാം.

തമിഴ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം

Read Also : വെല്ലിംങ്ടണ്ണിലെ കണ്ണീര്‍ പകല്‍..!

ഈ റിപ്പോര്‍ട്ടിംഗ് കാലത്ത് സഹായം നല്‍കിയ പോളിമര്‍ ടിവിയുടെ വിജി സുന്ദര്‍, സത്യം ടിവിയുടെ സ്‌കോട്ട് അണ്ണന്‍, ദിനമലര്‍ പത്രത്തിന്റെ
ഉണ്ണികൃഷ്‌ണേട്ടന്‍ അടക്കമുള്ള തമിഴ് മാധ്യമപ്രവര്‍ത്തകരുണ്ട്. നല്ല ഭക്ഷണം കിട്ടിയ രവിയേട്ടന്റെ വെങ്കിടേശ്വര ഹോട്ടലുണ്ട്. തണുത്തുറഞ്ഞ രാത്രികളെ വീണ്ടെടുക്കാന്‍
കുനൂരില്‍ വീണ്ടുമെത്തും. നഞ്ചപ്പസത്രത്തിലെ മനുഷ്യരെ അന്നും തേടിപ്പോകും. തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് അപകടം നടന്ന ചെങ്കുത്തായ മലയിടുക്കിലേക്ക് വീണ്ടും പാളി നോക്കും.മഞ്ഞൊഴുക്കായും ചാറ്റല്‍മഴയായും നഞ്ചപ്പസത്രം തുടരട്ടേ… അകാലത്തില്‍ പൊലിഞ്ഞ മനുഷ്യര്‍ക്ക് ഒരിക്കല്‍ കൂടി പ്രണാമം…..

Story Highlights : kunnur helicopter crash, Reportrs Diary,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here