Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-12-2021)

December 19, 2021
Google News 1 minute Read
dec 19 news round up

ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.

ഇരട്ട കൊലപാതകങ്ങൾ; ആലപ്പുഴയിൽ ഇന്നും നാളെയും നിരോധനാജ്ഞ

ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

‘ഉത്തരവാദി മുഖ്യമന്ത്രി’; ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വി.മുരളീധരൻ ആരോപിക്കുന്നു.

എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും പൊലീസ് അറിയിച്ചു.

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ. അക്രമികൾ എത്തിയത് ആംബുലൻസിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലൻസെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലവിരിച്ച് കാത്തിരിപ്പ്: കടുവ ബേഗൂർ വനമേഖലയിൽ, പിടികൂടാൻ ഊർജിത ശ്രമം

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങൾ.കടുവ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ കൂടുതൽ വനപാലകസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.

Story Highlights : dec 19 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here