23
Jan 2022
Sunday

പി.ടി തോമസ്; പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരന്‍

pt thomas mla

വികസനവും പരിസ്ഥിതിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ള മൂല്യബോധമുള്ള രാഷ്ട്രീയക്കാരനായിരുന്നു പി.ടി തോമസ്. തന്റെ രാഷ്ട്രീയ ഭാവി പോലും ഇരുളടഞ്ഞ് പോകുമായിരുന്നിട്ടും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന നിലപാടില്‍ പി.ടി തോമസ് ഉറച്ചുനിന്നു. പി.ടിയുടെ നിലപാടുകളായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നിലപാടെടുത്തപ്പോള്‍ ഇടുക്കിയില്‍ പി.ടി തോമസിന് നഷ്ടമായത് രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായ പാര്‍ലമെന്റ് സീറ്റാണ്. നഷ്ടം ജീവനോളം വിലപ്പെട്ടതാണെങ്കിലും നിലപാടില്‍ കടുകിട മാറാന്‍ പി.ടി തയ്യാറായില്ല. വിട്ടുവീഴ്ച വേണമെന്ന് പലരും പറഞ്ഞിട്ടും ഇടുക്കിയില്‍ നിന്ന് കുടിയിറക്കപ്പെട്ടപ്പോഴും പി.ടി പതറിയില്ല. പക്ഷേ പ്രളയജലം കേരളത്തെ മുക്കിയപ്പോള്‍ പൊതുജനം പി.ടിയുടെ നിലപാടുകളെ സ്തുതിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പി.ടി നിലപാട് സ്വീകരിച്ചപ്പോള്‍ അന്നത്തെ ഇടുക്കി സഭാ മേധാവിക്ക് പി.ടി അനഭിമതനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന പി.ടിക്ക് ആ സീറ്റ് നഷ്ടമാകുകയും ചെയ്തു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാന്‍ അന്നും ഇന്നും ഉപദേശിച്ചവരുണ്ട്. ഒരു ദിവസമാണ് ജീവിക്കുന്നതെങ്കിലും അന്തസോടെ, വ്യക്തിത്വം നിലനിര്‍ത്തി ആര്‍ക്കും അടിമപ്പെടാതെ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മരണം വരെ അത് പാലിക്കുകയും ചെയ്തു.

Read Also : ‘ഇന്ന് പറയാനുള്ളത് എന്താണോ അത് പറയണം, നാളെ ഞാന്‍ ജീവിച്ചിരുപ്പുണ്ടാകില്ല’; നിലപാടിന്റെ പൊതുപ്രവര്‍ത്തകന്‍

പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ നടന്നുപോയി പഠിക്കാന്‍ തീരുമാനിച്ച ഉപ്പുതോടുകാരന്‍ പയ്യന്റെ കരളുറപ്പ് കേരളം പലകുറി കണ്ടു. ഏത് തരം വികസനത്തേക്കാളും പ്രാമുഖ്യം നല്‍കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് എന്നും ഉറച്ച് വിശ്വസിച്ചിരുന്നയാളാണ് പി.ടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതേസമയം ഗാഡ്ഗില്‍ നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് അടക്കം മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിച്ചത് കേരള ചരിത്രത്തിലെ മൗഡ്യവും ദുഖപര്യവസാനിയുമായ അധ്യായമായി അവശേഷിക്കുമെന്ന് തുറന്നുപറഞ്ഞു. സഭയ്‌ക്കെതിരായി നിലപാട് എടുത്തതിന് ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ പി.ടിയുടെ ശവഘോഷയാത്ര നടത്തിയാണ് എതിരാളികള്‍ പ്രതികരിച്ചത്. അന്തര്‍ സംസ്ഥാന നദീജല കൈമാറ്റങ്ങളില്‍ കേരളത്തിന്റെ നഷ്ടങ്ങളുടെ കണക്ക് പി.ടി നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു.

Story Highlights : pt thomas mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top