Advertisement

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ

January 5, 2022
Google News 2 minutes Read
kerala govt asks extension actress attack trial

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ
നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം. ( kerala govt asks extension actress attack trial )

കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി ഇന്നലെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. വിഷയത്തിൽ സംവിധായകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ പ്രത്യേക സംഘമാകും അന്വേഷിക്കുക.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്. തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു.

Story Highlights : kerala govt asks extension actress attack trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here