25
Jan 2022
Tuesday

ഇന്നത്തെ പ്രധാന വാർത്തകൾ ( 06-01-2022 )

jan 6 news round up

കോണ്‍ഗ്രസിൻ്റെ സമരവീരസ്യം കോടിയേരി കാണും; കെ സുധാകരന്‍ ( jan 6 news round up )

കെ-റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിന് കഴിയൂ എന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പൊലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സംസ്ഥാനത്ത് 4,649 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2180; ടി.പിആർ 6.80%

കേരളത്തില്‍ 4649 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ്‌ എടുത്തുകൊണ്ട് പോയത്. കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. ആശുപത്രി പരിസരത്തെ ഹോട്ടലില്‍ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

എം ശിവശങ്കറിന് പദവി; സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതല

എം ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച യാണ് ശിവശങ്കറിനെ തിരിച്ചെടുത്തത്. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാൻ എം ശിവശങ്കർ ഇന്ന് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി.

കെ-റെയില്‍; പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ലെന്ന് എംഡി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തുവിട്ടിട്ടില്ലെന്നും കെ റെയില്‍ എംഡി ട്വന്റിഫോറിനോട് പറഞ്ഞു. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കെ റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിൽവർ ലൈൻ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ട്.കൊച്ചിയിൽ നടന്ന വിശദീകരണ യോഗത്തിൽ പൗരപ്രമുഖർ പങ്കെടുത്തു.

‘കോണ്‍ഗ്രസ് സമരം അക്രമത്തിലേക്കെത്തും’; സില്‍വര്‍ ലൈനെ എതിര്‍ക്കാതെ സമസ്ത

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കാതെ സമസ്ത മുഖപത്രം. പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള കോണ്‍ഗ്രസ് സമരം അക്രമത്തിലേക്കെത്തും. ഈ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണംപദ്ധതി നാടിനാവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതിയെക്കുറിച്ച് വിശദമായ ധവളപത്രം പുറത്തിറക്കണമെന്നും സമസ്ത മുഖപത്രം ആവശ്യപ്പെട്ടു.

പ്രകോപന മുദ്രാവാക്യം, കലാപാഹ്വാനം; വത്സൻ തില്ലങ്കേരിക്കെതിരെ കേസ്

കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. തില്ലങ്കേരിയ്ക്കൊപ്പം 200ഓളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവർ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.

വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു; 20 പേർ ആശുപത്രിയിൽ

ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലാണ് അപകടം. സ്വകാര്യ കമ്പനിയിലെ ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Story Highlights : jan 6 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top