നടിയെ ആക്രമിച്ച കേസ് : വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ( kochi actress attack prosecution petition )
നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനർവിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
Read Also : നടിയെ ആക്രമിച്ച കേസ്; പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും
അതേസമയം, നടിയെ അക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തി. ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന അടക്കമുള്ള കാര്യങ്ങളിലും ഉടൻ തീരുമാനം ഉണ്ടാകും.
കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നീക്കങ്ങൾ നടത്താവുവെന്ന നിർദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസുകൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ധൃതി പിടിച്ചുള്ള നീക്കങ്ങൾ വേണ്ടെന്ന നിർദേശവും ക്രൈംബ്രാഞ്ചിന് നൽകിയെന്നാണ് വിവരം.
Story Highlights : kochi actress attack prosecution petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here