Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 30-01-2022)

January 30, 2022
Google News 2 minutes Read
jan 30 news round up

കെ ടി ജലീലിന്റെത് ‘പേ വാക്ക്’; എം ജി സർവകലാശാല മുൻ വി.സി ഡോ. ജാൻസി ജെയിംസ് 24 നോട് ( jan 30 news round up )

മുൻ മന്ത്രി കെ ടി ജലീലിന്റെ ആരോപണങ്ങൾ തള്ളി എം ജി സർവകലാശാല മുൻ വി സി ഡോ. ജാൻസി ജെയിംസ്. പേ വാക്ക് പറയുമ്പോൾ പൊട്ടനെപോലെ അഭിനയിക്കുകയാണ് നല്ലത്. ആരോപണത്തെ പൂർണ്ണമായും അവഗണിക്കുന്നു. ജലീലിൻറെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് സഹതാപമെന്നും ഡോ. ജാൻസി ജെയിംസ് 24 നോട് പറഞ്ഞു.

ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിർേദശിച്ചത് മുഖ്യമന്ത്രിയാണ്; രമേശ് ചെന്നിത്തല

ലോകായുക്തയ്ക്കെതിരെ കെ ടി ജലീലിന്റെ വിമർശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിർേദശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാൻ കെ ടി ജലീൽ ശ്രമിക്കുന്നെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

‘തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും’; ലോകായുക്തയ്‌ക്കെതിരെ കെ.ടി ജലീൽ

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിൻ്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതിൽ ദുരൂഹതയുണ്ട്. യു.ഡി.എഫ് നേതാവിനെ രക്ഷിക്കാൻ ബന്ധുവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങും : വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനം ഒരുക്കും.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34, 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപി ആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി 14.50 ശതമാനത്തിലെത്തി.

ലോകായുക്ത ഓർഡിനൻസ്; മുഖ്യമന്ത്രി അറിയിച്ചില്ലെന്ന് സിപിഐ; ഭേദഗതിക്ക് തയാറെന്ന് സിപിഐഎം

ലോകായുക്ത ഓർഡിനൻസ് നീക്കം മുഖ്യമന്ത്രി അറിയിച്ചില്ലെന്ന് സിപിഐ. മുഖ്യമന്ത്രിയെ കണ്ടപ്പോൾ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് സിപിഐ നിർവാഹക സമിതിയാണ്. ഓർഡിനൻസ് നിയമം ആക്കുനെങ്കിൽ അതിനനുസരിച്ചുള്ള ചർച്ചകൾ നിയമസഭയിൽ ഉണ്ടാകും.

ഫോൺ മറയ്ക്കുന്നതിൽ വ്യക്‌തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്; ശ്രമം നടിയെ ആക്രമിച്ച കേസിലെ തെളിവ് പുറത്ത് വരാതിരിക്കാൻ

ദിലീപ് ( dileep ) ഫോൺ ( phone ) കൈമാറാൻ തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ ( actress attack case ) തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ലോകായുക്ത ഓർഡിനൻസ്; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്. ഉഭയ കക്ഷി ചർച്ചകളിൽ കാനം രാജേന്ദ്രനിൽ നിന്ന് വിഷയം മറച്ചുവച്ചതായി ആക്ഷേപം. ഈ മാസം 11 നാണ് മന്ത്രിസഭയിൽ ലോകായുക്ത ഓർഡിനൻസ് വിഷയം അവതരിപ്പിച്ചത്. കൂടുതൽ പഠിക്കണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യപ്രകാരം വിഷയം മാറ്റിവച്ചു. രണ്ട് ദിവസത്തിന് ശേഷം ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ഓർഡിനൻസ് വിഷയം സിപിഐഎം മാറ്റിവച്ചു.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

Story Highlights : jan 30 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here