ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 95 വിമത സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച വിമത സ്ഥാനാർത്ഥികളിൽ പലരും മത്സരിക്കില്ല. 70 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി പത്രിക സമർപ്പിച്ച 95ഓളം വിമത സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതാപ് സിംഗ് ഷാ അറിയിച്ചു. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള വിമത സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന 632 പേരാവും തെരഞ്ഞെടുപ്പിൽ മത്സരിക്കുക.
117 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡെറാഡൂണിലാണ് ഏറ്റവുമധികം പേരുള്ളത്. 14 പേർ വീതം മത്സരിക്കുന്ന ചമ്പാവത്, ബാഗേശ്വർ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ.
ഉത്തരാഖണ്ഡിൽ ഇന്നലെ ബിജെപിയുടെ മെഗാ പ്രചാരണം ആരംഭിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവർ പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ചായിരിക്കും തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നത്.
70 മണ്ഡലങ്ങളിലും നേതാക്കളുടെ പ്രസംഗം തൽസമയം കേൾക്കാനായി എൽഇഡി ടിവികൾ സ്ഥാപിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണം നടത്തും. ഉത്തരാഖണ്ഡിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് വാക്കും നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ആളുകൾ കോൺഗ്രസിന്റെ മധുരവാഗ്ദാനങ്ങളിൽ വീഴില്ല, കോൺഗ്രസ് ഭരണത്തിൽ ആളുകളെ അവർ ചൂഷണം ചെയ്യുകയായിരുന്നു. ആളുകൾക്ക് തിരിച്ചറിവ് വന്നതിന്റെ വലിയൊരു തെളിവാണ് ഇന്ന് ബിജെപിയ്‌ക്ക് ലഭിക്കുന്ന പിന്തുണ. ജനങ്ങൾക്ക് സത്യവും മിഥ്യയും തിരിച്ചറിയാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ വർഷവും അഞ്ച് സംസ്ഥാനങ്ങളിൽ താമര വിരിയുമെന്നത് ഉറപ്പാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.
Story Highlights : Uttarakhand Rebel Candidates Withdraw Nominations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here