ഇന്നത്തെ പ്രധാന വാർത്തകൾ (08/02/22)
വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങി; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തിൽ പ്രതി കീഴടങ്ങി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസിൽ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഇയാൾ തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. പിന്നീട് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സസ്‌പെൻഷനിലായ ഷിജു ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി
സ്വർണക്കടത്തിൽ ഇ.ഡി ഇടപെടൽ; സ്വപ്‍ന സുരേഷിന് നോട്ടിസ്, നാളെ ചോദ്യം ചെയ്യും
സ്വപ്‍ന സുരേഷിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ രേഖപ്പെടുത്തും.
സ്വർണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. സ്വപ്‍ന സുരേഷിന് ഇ ഡി കൈമാറിയ നോട്ടിസ് ട്വന്റി ഫോറിന് ലഭിച്ചു.
നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
കുറവൻകോണം കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ ലഭിച്ചു
തിരുവനന്തപുരം കുറവൻകോണത്ത് കടയ്ക്കുള്ളിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെപ്പറ്റിയുള്ള നിർണായക വിവരങ്ങളും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. സംഭവം നടന്ന ദിവസം അമ്പലമുക്ക്-കുറവൻകോണം റോഡിലൂടെ സംശയാസ്പദമായി നടന്നുപോകുന്നയാളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ കയ്യിൽ മുറിപ്പാടുണ്ടായിരുന്നു എന്ന സാക്ഷിമൊഴിയും പൊലീസിനു ലഭിച്ചു.
കർഷക സമരം അവസാനിപ്പിക്കാറായില്ല; മിനിമം താങ്ങുവില പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി: രാകേഷ് ടികായത്ത്
കർഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത്. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയെന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ഇപ്പോഴും കർഷക ഉത്പന്നങ്ങൾ സംഭരിക്കുന്നത് മിനിമം താങ്ങുവില നൽകാതെയാണ്. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും കർഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാർ
തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം . അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ ചാലക്കുടി അതിരപ്പിള്ളി റോഡ് ഉപരോധിക്കുന്നു. മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് അതിരപ്പപിള്ളയിലെ നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്.
മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലം; ആരോപണവുമായി കുടുംബം
അട്ടപ്പാടി മധുകൊലക്കേസിൽ പൊലീസിനെതിരെ കുടുംബം. മധുവിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കുടുംബം ആരോപിക്കുന്നു.ഛർദ്ദിക്കാൻ വരുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് വാഹനം താവളത്ത് നിർത്തിയത്. താവളത്തെ ആശുപത്രിയിൽ മധുവിനെ എത്തിക്കാൻ പൊലീസ് തയാറായില്ലെന്നും കുടുംബം ആരോപിച്ചു.
ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി എത്തി
ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്കായി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരാണ് എത്തിയത്. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. (dileep voice sample kakkanad)
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 67,597 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. (covid india cases decreasing)
ഉത്തരാഖണ്ഡിൽ ബിജെപിക്ക് അനുകൂലമായ കാറ്റ്; ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയിലൂടെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ കാറ്റാണെന്നും 60 ന് മുകളിൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എൻജിൻ സർക്കാരിന്റെ ഭരണം തുടരും. കേന്ദ്ര,സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
‘ഇഡിക്ക് മുന്നിൽ ഹാജരാകും, സത്യസന്ധമായി ഉത്തരം നൽകും’; സ്വപ്ന സുരേഷ്
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര ഏജൻസികളുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകും. ഔദ്യോഗികമായി ഇഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന പറഞ്ഞു.
Story Highlights: Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here