Advertisement

പ്രഥമ പരിഗണന ഭക്ഷണവും വെള്ളവും നല്‍കാന്‍; ബാബുവിനെ മലയില്‍ നിന്ന് താഴെയിറക്കുക രാവിലെയെന്ന് ജില്ലാ കളക്ടര്‍

February 9, 2022
Google News 2 minutes Read
trucking malambuzha

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം നാളെയെന്ന് പാലക്കാട് ജില്ലാ കളക്ടര്‍. നിലവിലിപ്പോള്‍ ബാബുവിന് ഭക്ഷണവും വെള്ളവും ഫസ്റ്റ് എയിഡും എത്തിക്കാനാണ് പ്രാഥമിക ശ്രമമെന്ന് കളക്ടര്‍ മൃണ്‍മയി ജോഷി മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിആര്‍എഎഫ് സംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും പോയിട്ടുണ്ട്. എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഘട്ടങ്ങളെന്ന് തീരുമാനിക്കും. നാളെ പുലര്‍ച്ചെ നടപടികള്‍ തുടങ്ങും. എയര്‍ലിഫ്റ്റിങ് ഇപ്പോള്‍ പരിഗണനയിലില്ല. ഓപ്പറേഷനില്‍ പ്രതീക്ഷയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

രക്ഷാദൗത്യത്തിന് ബംഗളൂരുവില്‍ നിന്ന് കമാന്‍ഡോസ് മലമ്പുഴയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബംഗളൂരു യെലഹങ്ക വിമാനത്താവളത്തില്‍നിന്ന് എഎന്‍-32 വിമാനമാണ് സുലൂരിലേക്ക് തിരിച്ചത്. സുലൂരില്‍ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 9 അംഗ സംഘമാണ് ദൗത്യത്തിനൊപ്പം ചെറാട് എന്‍ഡിആര്‍എഫ് സംഘവും കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും മലമ്പുഴയിലെത്തിയിട്ടുണ്ട്.

പര്‍വതാരോഹണ രക്ഷാപ്രവര്‍ത്തനത്തിലെ വിദഗ്ധരാണ് ആര്‍മി ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാര്‍ഗില്‍ ഓപറേഷന്‍, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയില്‍ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് എത്തുന്നത്. രക്ഷാസംഘത്തില്‍ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. യുദ്ധ സമയത്തുള്ള രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നടത്തിയ സംഘമാണ് നിലവില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തിയത്.

Read Also : തിരിച്ചടിയായത് ചെങ്കുത്തായ മലയും കാറ്റും;<br>പ്രതിരോധ വക്താവ് ട്വന്റിഫോറിനോട്

പകല്‍ സമയത്തടക്കം യുവാവിന് ഭക്ഷണമടക്കം എത്തിക്കാന്‍ ഡ്രോണുകള്‍ വഴിയും രക്ഷപെടുത്താന്‍ ഹെലികോപ്റ്റര്‍ വഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി.
ഇന്നലെയാണ് ചെറാട് സ്വദേശിയായ ബാബു ട്രക്കിംഗിനിടെ മലയിടുക്കില്‍ കുടുങ്ങിയത്. മലയില്‍ യുവാവ് കുടുങ്ങിയിട്ട് 33 മണിക്കൂര്‍ പിന്നിട്ടു.

Story Highlights: trucking malambuzha, palakkad, trapped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here