രാഹുൽ തെവാട്ടിയയ്ക്ക് 9 കോടി; വിഷ്ണു വിനോദും അസ്‌ഹറുദ്ദീനും അൺസോൾഡ്

ഐപിഎൽ ലേലത്തിൽ മലയാളി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്‌ഹറുദ്ദീനും അൺസോൾഡ് ആയി. അതേസമയം, മലയാളി പേസർമാരായ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസും കെഎം ആസിഫിനെ ചെന്നൈ സൂപ്പർ കിംഗ്സും ടീമിലെടുത്തു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുൻപ് ഗുജറാത്ത് ലയൺസിലും സൺറൈസേഴ്സ് ഹൈദരാബാദിലും കളിച്ച ബേസിലിനെ മുംബൈ വിളിച്ചെടുത്തത്. ആസിഫിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ചെന്നൈ നിലനിർത്തി. (ipl auction new update)
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന രാഹുൽ തെവാട്ടിയയെ 9 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവരുമായി പോരടിച്ചാണ് ഗുജറാത്ത് ഹരിയാന ഓൾറൗണ്ടറെ സ്വന്തമാക്കിയത്. തുടക്കത്തിൽ ആർസിബി ഗുജറാത്തിനു വെല്ലുവിളി ഉയർത്തിയപ്പോൾ പിന്നീടാണ് ചെന്നൈ ലേലത്തിലിറങ്ങിയത്. 40 ലക്ഷം രൂപ ആയിരുന്നു താരത്തിൻ്റെ അടിസ്ഥാന വില.
Read Also : ബേബി എബി മുംബൈയിൽ; 9 കോടി രൂപയ്ക്ക് ഷാരൂഖ് ഖാൻ പഞ്ചാബിൽ
കഴിഞ്ഞ സീസണിൽ ആർസിബിയിൽ കളിച്ച പഞ്ചാബ് താരം ഹർപ്രീത് ബ്രാറിനെ 3.80 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിർത്തി. ഹരിയാന ഓൾറൗണ്ടർ ഷഹബാസ് അഹ്മദിനെ 2.40 കോടി രൂപയ്ക്ക് ആർസിബി നിലനിർത്തി. ആർസിബിക്കായി കഴിഞ്ഞ സീസണിൽ കളിച്ച ആന്ദ്ര വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരത് 2 കോടി രൂപയ്ക്ക് ഡൽഹിയിലെത്തി. രാജസ്ഥാൻ റോയൽസിൽ കളിച്ച ഉത്തരാഖണ്ഡ് താരം അനുജ് റാവത്ത് 3.40 കോടി രൂപയ്ക്ക് ആർസിബിയിലെത്തി. സൗരാഷ്ട്ര വിക്കറ്റ് കീപ്പർ ബാറ്റർ ഷെൽഡൻ ജാക്ക്സൺ 60 ലക്ഷം രൂപയ്ക്ക് കൊൽക്കത്തയിൽ കളിക്കും.
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം നടത്തിയ മധ്യപ്രദേശ് താരം അവേശ് ഖാനെ 10 കോടി രൂപയ്ക്ക് ലക്നൗ ടീമിലെത്തിച്ചു. മുംബൈ ഇന്ത്യൻസും സൺറൈസേഴ്സും അവേശിനായി ശ്രമിച്ചെങ്കിലും ലക്നൗ വിട്ടുകൊടുത്തില്ല. 20 ലക്ഷം രൂപ ആയിരുന്നു താരത്തിൻ്റെ അടിസ്ഥാന വില.
ലേലത്തിൽ ടീമുകളിലെത്തിയ മറ്റ് താരങ്ങൾ
ജിതേശ് ശർമ്മ (മഹാരാഷ്ട്ര) – പഞ്ചാബ് കിംഗ്സ് – 20 ലക്ഷം രൂപ
പ്രഭ്സിമ്രാൻ സിംഗ് (പഞ്ചാബ്) – പഞ്ചാബ് കിംഗ്സ് – 60 ലക്ഷം രൂപ
കാർത്തിക് ത്യാഗി (ഉത്തർ പ്രദേശ്) – സൺറൈസേഴ്സ് ഹൈദരാബാദ് – 4 കോടി രൂപ
ആകാശ് ദീപ് (ബീഹാർ) – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 20 ലക്ഷം രൂപ
ഇഷാൻ പോറൽ (ബെംഗാൾ) – പഞ്ചാബ് കിംഗ്സ് – 25 ലക്ഷം രൂപ
തുഷാർ ദേശ്പാണ്ഡെ (മുംബൈ) – ചെന്നൈ സൂപ്പർ കിംഗ്സ് – 20 ലക്ഷം രൂപ
Story Highlights: ipl auction new update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here