പഞ്ചാബ് തെരഞ്ഞെടുപ്പ്; നേതാക്കളെ ക്യാന്‍വാസിലൊരുക്കി ഒരു കലാകാരന്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ക്യാന്‍വാസിലൊരുക്കി ഒരു കലാകാരന്‍. പഞ്ചാബിലെ അമൃത്സറിലെ ചിത്രകാരനാണ് ഈ വ്യത്യസ്ഥ ക്യാംപെയിന്‍ നടത്തി ശ്രദ്ധ നേടുന്നത്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മന്‍, കോണ്‍ഗ്രസിന്റെ ചരണ്‍ജിത് സിംഗ് ചന്നി, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീന്ദര്‍ സിംഗ് ബാദല്‍ തുടങ്ങി ഒട്ടേറെ പേരുടെ മുഖങ്ങളാണ് ഈ കലാകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയത്.

അമൃത്സറിലെ ജഗ്‌ജോത് റൂബല്‍ എന്ന കലാകാരനാണ് ഈ വ്യത്യസ്ത സൃഷ്ട്രിക്കുപിന്നില്‍. ‘ഈ മാസം 20ന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ യുവാക്കളടക്കമുള്ളവര്‍ക്ക് അവരുടെ വിലയേറിയ വോട്ടുകള്‍ക്കുള്ള പ്രചോദനമാകും. യുവാക്കള്‍ പലപ്പോഴും വോട്ട് ചെയ്യുന്നത് വലിയ കാര്യമായി കണക്കാക്കാറില്ല. പക്ഷേ അവരോടെനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഒരു വോട്ടാണ് ഒരാളുടെ ജയവും പരാജയവും നിശ്ചയിക്കുന്നത്. ഞാന്‍ വരച്ചിരിക്കുന്ന ഓരോ ചിത്രവും ശരിയായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രചോദനമാകും. എല്ലാ വോട്ടര്‍മാര്‍ക്കും ആശംസകള്‍!!’ ജഗ്‌ജോത് റൂബല്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജഗ്‌ജോത് റൂബല്‍ തന്റെ ചിത്രങ്ങളുടെ പശ്ചാത്തലം ഒരുക്കിയതിലും ഒരു പ്രത്യേകതയുണ്ട്. അവയുടെ പശ്ചാത്തല നിറത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെ നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ പതാക എന്ന് തന്നെയാണ് പെയിന്റിങ്ങിന്റെ തീമും. മാര്‍ച്ച് 10നാണ് പഞ്ചാബില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.
Story Highlights: punjab election 2022, painting art
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here