‘നഷ്ടമായത് നേതാക്കളുടെ നേതാവിനെ’ : കെഎൻഎ ഖാദർ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് ഏറെ ദുഖകരമെന്ന് കെഎൻഎ ഖാദർ ട്വന്റിഫോറിനോട്. ( kna khader about panakkad thangal )
‘വളരെ സാത്വികനും, ആദർശശാലിയും, ശാന്ത സ്വഭാവവുമുള്ള, സ്‌നേഹസമ്പന്നനായ നേതാവായിരുന്നു അദ്ദേഹം. പാർട്ടിക്ക് അകത്തും പുറത്തും, പ്രതിയോഗികൾക്ക് പോലും ബഹുമാന്യനായ നേതാവായിരുന്നു അദ്ദേഹം. നേതാക്കളുടെ നേതാവെന്ന് അദ്ദേഹത്തെ പറയാൻ സാധിക്കും. നാട്യങ്ങളില്ലാത്ത, ലാളിത്യമാർന്ന ജീവിതം നയിച്ച, സത്യസന്ധമായി നിലകൊണ്ട വ്യക്തിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഒരുപാട് കാലത്തെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കേരളത്തിലെ ജനാധപത്യ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്’- കെഎൻഎ ഖാദർ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
Read Also : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട്.
Story Highlights: kna khader about panakkad thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here