Advertisement

കേരള ബജറ്റ് 2022; സര്‍ക്കാരിന് മുന്നിലുണ്ട് വെല്ലുവിളികള്‍ ഒട്ടേറെ

March 10, 2022
Google News 1 minute Read

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് മറികടക്കാന്‍ കടമ്പകളുമുണ്ട്. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയര്‍ത്തുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറയുമ്പോള്‍ ഏതെല്ലാം മേഖലകളില്‍ ബജറ്റ് പ്രതീക്ഷ നല്‍കുന്നുവെന്നത് നിര്‍ണായകമാണ്. ഒപ്പം പ്രതിസന്ധികളും.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇതുവഴിയുണ്ടാകുന്ന വരുമാനനഷ്ടം ഏതാണ്ട് 9000ത്തോളം കോടി രൂപയാണ്. കേന്ദ്രം നല്‍കിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കുകയാണ്. വലിയ വെല്ലുവിളിയാണ് ഇത് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കൊപ്പം ടൂറിസം മേഖലയടക്കം കേരളത്തില്‍ ഉണര്‍തുടങ്ങുന്നതേയുള്ളൂ. ടൂറിസം, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ കുതിപ്പുണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രവിഹിതം കുറയുന്നതാണ് കേരളത്തിന് വലിയ വെല്ലുവിളിയായി മുന്നിലുള്ളത്. ഒപ്പംസ്വകാര്യ ബസ് ഉടമകള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെയും കയ്യൊഴിയാന്‍ സര്‍ക്കാരിനാകില്ല.

ശമ്പള കുടിശ്ശിക, പെന്‍ഷന്‍ കുടിശ്ശിക തുടങ്ങി കേരളത്തിന് കൊടുത്തുതീര്‍ക്കാനുള്ള ബാധ്യതകള്‍ നിരവധിയാണ്. ഇവയ്ക്കുള്ള വിഹിതത്തിനും ബജറ്റില്‍ ഇടം കണ്ടെത്തേണ്ടതുണ്ട്. അതേസമയം ലോട്ടറി, മദ്യം, ഭൂമി രജിസ്‌ട്രേഷന്‍ , എന്നിവയുടെ നികുതി വര്‍ധിപ്പിച്ചേക്കും. നികുതി കുടിശിക പിരിച്ചെടുക്കാനുള്ള നിര്‍ദേശങ്ങളുമുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേക്കും.

Read Also : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നാളെ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് നാളെ സഭയില്‍ ധനമന്ത്രി അവതരിപ്പിക്കുക.മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17ന് 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 22-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21നും 23നും സഭ പരിഗണിക്കും.

Story Highlights: kerala budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here